മലയാള ഭാഷാ പ്രചാരണ സംഘം പതിനഞ്ചാം മലയാളോത്സവത്തിന് തുടക്കം: ഓഗസ്റ്റ് 15, 16 തീയതികളിൽ ചെമ്പൂരിൽ കൈരളി ബുക്സ് പുസ്തകമേള

by WhatsUp Mumbai

​മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനഞ്ചാം മലയാളോത്സവ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15, 16 തീയതികളിൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വച്ച് കൈരളി ബുക്സ് പുസ്തകമേള സംഘടിപ്പിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തുക, മുംബൈ മലയാളികളുടെ വായനാ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പുസ്തകപ്രദർശനവും അനുബന്ധ സാഹിത്യ സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്യുന്നത്.

ഓഗസ്റ്റ് 15-ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ബാലകൃഷ്ണൻ പുസ്തകമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. സാഹിത്യരംഗത്ത് അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ മുംബൈയിലെ എഴുത്തുകാരെ ചടങ്ങിൽ മലയാള ഭാഷാ പ്രചാരണ സംഘം ആദരിക്കും. തുടർന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന കവിയരങ്ങിൽ നഗരത്തിലെ പ്രശസ്ത കവികൾ കവിതകൾ അവതരിപ്പിക്കും. ജി. വിശ്വനാഥനാണ് കവിയരങ്ങിന്റെ മോഡറേറ്റർ.

ഡിസി ബുക്സ്, മാതൃഭൂമി, ചിന്ത പബ്ലിഷേഴ്സ്, ഗ്രീൻ ബുക്സ്, കറന്റ് ബുക്സ്, കൈരളി തുടങ്ങി മലയാളത്തിലെ മുൻനിര പ്രസാധകരുടെ മികച്ച കൃതികൾ മേളയിൽ ലഭ്യമായിരിക്കും. മലയാളം പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വൈവിധ്യമാർന്ന പുസ്തകശേഖരമാണ് പ്രദർശനത്തിൽ ഒരുക്കുന്നത്. കൂടാതെ, മുംബൈയിലെ പ്രവാസി എഴുത്തുകാർ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഓഗസ്റ്റ് 15, 16 തീയതികളിൽ നടക്കുന്ന പുസ്തകോത്സവ വേദിയിൽ പ്രദർശിപ്പിക്കാനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

മേളയുടെ ഭാഗമായി നടക്കുന്ന കവിയരങ്ങ്, കഥയരങ്ങ്, വായനാനുഭവം എന്നീ സെഷനുകളിൽ രചനകളും അനുഭവങ്ങളും അവതരിപ്പിക്കാൻ താല്പര്യമുള്ളവർ 9969278684, 9869443902 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് പ്രസിഡന്റ് സന്ദീപ് വർമ്മയും ജനറൽ സെക്രട്ടറി റീന സന്തോഷും അറിയിച്ചു.

You may also like