മുംബൈ: പൂനെ ലോഹഗഡ് കോട്ടയിലുണ്ടായ ദാരുണമായ കൊലപാതക സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ വിവാഹാലോചനകളിൽ പുതിയൊരു പ്രവണത ശക്തിപ്പെടുന്നു. വിവാഹമുറപ്പിക്കുന്നതിന് മുൻപായി വധൂവരന്മാരുടെ പശ്ചാത്തലവും സ്വഭാവവും രഹസ്യമായി അന്വേഷിക്കാൻ പ്രൈവറ്റ് ഡിറ്റക്ടീവുകളെയും അന്വേഷണ ഏജൻസികളെയും സമീപിക്കുന്ന രക്ഷിതാക്കളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ജൂണിൽ പൂനെയിലെ ലോഹഗഡ് കോട്ടയിൽ വച്ച് കേതൻ അഗർവാൾ എന്ന യുവാവിനെ പ്രതിശ്രുത വധു സിയ ഗോയൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന ഭീതിജനകമായ സംഭവമാണ് കുടുംബങ്ങളെ ഇത്തരം കർശനമായ മുൻകരുതലുകളിലേക്ക് നയിച്ചത്. ജാതകപ്പൊരുത്തവും ജോലിയും മാത്രം നോക്കി വിവാഹങ്ങൾ ഉറപ്പിക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി, വധൂവരന്മാരുടെ സാമ്പത്തിക ബാധ്യതകൾ, മുൻപ് വെളിപ്പെടുത്താത്ത പ്രണയബന്ധങ്ങൾ, ക്രിമിനൽ പശ്ചാത്തലം, ലഹരി ഉപയോഗം, വിദ്യാഭ്യാസ യോഗ്യത എന്നിവ പ്രൈവറ്റ് ഡിറ്റക്ടീവുകൾ വഴി രഹസ്യമായി പരിശോധിക്കാനാണ് രക്ഷിതാക്കൾ താല്പര്യം കാണിക്കുന്നത്. സ്റ്റ്രാറ്റജിക് അസൈൻമെന്റ് ആൻഡ് ഇന്റലിജൻസ് ബ്യൂറോയിലെ ദർശൻ ഷാ ഉൾപ്പെടെയുള്ള പ്രമുഖ അന്വേഷണ ഏജൻസി പ്രതിനിധികളും ഇത്തരം അന്വേഷണങ്ങൾക്കായുള്ള ആവശ്യക്കാർ വർധിച്ചതായി സ്ഥിരീകരിക്കുന്നു.
എന്നാൽ ഈ പരിശോധനകൾ പലപ്പോഴും നിസ്സാര കാരണങ്ങളുടെ പേരിൽ വിവാഹബന്ധങ്ങൾ തകരുന്നതിലേക്ക് നയിക്കുന്നുണ്ടെന്നും ഏജൻസികൾ വ്യക്തമാക്കുന്നു. കൂടാതെ, മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസികളോട് സ്വകാര്യ കോൾ റെക്കോർഡുകളും സന്ദേശങ്ങളും ചോർത്തി നൽകാൻ ചില കുടുംബങ്ങൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിൽ സ്വകാര്യത ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ വൈ.പി. സിങ് ഓർമ്മിപ്പിക്കുന്നു. പൊതുവിടങ്ങളിൽ ലഭ്യമായ വിവരങ്ങൾ നിയമപരിധിക്കുള്ളിൽ നിന്ന് അന്വേഷിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഹാക്കിംഗ്, ഫോൺ ടാപ്പിംഗ് എന്നിവ നിയമവിരുദ്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.