തുകാറാം മുണ്ഡെയെ സ്ഥലം മാറ്റരുത്; മുഖ്യമന്ത്രി ഫഡ്നാവിസിനോട് അഭ്യർത്ഥിച്ച് നടൻ പരേഷ് റാവൽ

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിലെ ഡ്രഗ് ആൻഡ് ഫുഡ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കമ്മീഷണറും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ തുകാറാം മുണ്ഡെയെ തസ്‌തികയിൽ നിന്ന് മാറ്റരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് അഭ്യർത്ഥിച്ച് പ്രശസ്ത ബോളിവുഡ് നടനും മുൻ എംപിയുമായ പരേഷ് റാവൽ. തുകാറാം മുണ്ഡെയെ നിലവിലെ വകുപ്പിൽ നിന്ന് സ്ഥലം മാറ്റാതിരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ മുൻഗണനയും ധർമ്മവും ആകണമെന്ന് പരേഷ് റാവൽ എക്സിൽ (ട്വിറ്റർ) കുറിച്ചു.

എഫ്.ഡി.എ കമ്മീഷണറായി ചുമതലയേറ്റ ശേഷം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് തുകാറാം മുണ്ഡെ സ്വീകരിച്ചു വരുന്നത്. പാലിലെ മായം ചേർക്കൽ, വ്യാജ പനീർ ഉൽപ്പാദനം, നിയമവിരുദ്ധ ഗുഡ്ക വിപണനം എന്നിവയ്ക്കെതിരെ ശക്തമായ റെയ്ഡുകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നത്. അടിയന്തരമായി സ്കൂളുകൾക്ക് സമീപത്തെ ജങ്ക് ഫുഡ് വിൽപന നിരോധിച്ചതുൾപ്പെടെയുള്ള വിപ്ലവകരമായ നടപടികൾ കടുത്ത ജനശ്രദ്ധ നേടിയിരുന്നു.
​എന്നാൽ, കർശന നിലപാടുകൾ മൂലം വലിയ സമ്മർദ്ദം നേരിടുന്ന തുകാറാം മുണ്ഡെയെ പദവിയിൽ നിന്ന് മാറ്റാൻ നീക്കങ്ങൾ നടക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പിന്തുണയുമായി പരേഷ് റാവൽ രംഗത്തെത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥന് പരസ്യ പിന്തുണയുമായി പ്രമുഖർ എത്തിയത് വിഷയത്തിന് വലിയ രാഷ്ട്രീയ-സാമൂഹിക മാനങ്ങൾ നൽകിയിട്ടുണ്ട്.

You may also like