താനെ: ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഓർമ്മ പുതുക്കുന്ന ഓഗസ്റ്റ് ക്രാന്തി ദിനത്തോട് അനുബന്ധിച്ച് താനെ സിറ്റി കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും സംരക്ഷിക്കുന്നതിനൊപ്പം തൊഴില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ചടങ്ങിൽ ആഹ്വാനമുണ്ടായി.

1942 ഓഗസ്റ്റ് 9-ന് മുംബൈയിലെ ചരിത്രപ്രസിദ്ധമായ ഓഗസ്റ്റ് ക്രാന്തി മൈതാനത്തുനിന്ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ പ്രാധാന്യം നേതാക്കൾ സ്മരിച്ചു. ഈ ചരിത്രപരമായ ഓർമ്മകളുടെ പശ്ചാത്തലത്തിൽ, സാമൂഹിക ഐക്യവും ഭരണഘടനാ മൂല്യങ്ങളും കൂടുതൽ ശക്തമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

കോർട്ട് നാക്കയിലെ ഭരണഘടനാ ആമുഖ ശിൽപത്തിന് മുന്നിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനികൾക്കും രക്തസാക്ഷികൾക്കും പ്രണാമം അർപ്പിച്ചു. തുടർന്ന് ഭരണഘടനയുടെ ആമുഖം കൂട്ടമായി വായിച്ച് സമത്വം, സ്വാതന്ത്ര്യം, നീതി, സാഹോദര്യം എന്നീ മൂല്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കാൻ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. ഇതിനുശേഷം ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.

താനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ പിംഗളെ, എം.പി കുമാർ കേത്കർ, മുതിർന്ന നേതാവ് സുഭാഷ് കാനഡെ, സംസ്ഥാന ഭാരവാഹികളായ ഡോ. ഗജാനൻ ദേശായി, രാജേഷ് ജാധവ്, മോഹൻ തിവാരി, സംസ്ഥാന സമിതിയംഗങ്ങളായ ഭാൽചന്ദ്ര മഹാഡിക്, മിലിന്ദ് ഖരാഡെ, നിഷികാന്ത് കോളി, ധർമ്മരാജ്യ സംഘടനയിലെ രാജൻ രാജെ, അഡ്വ. പ്രഭാകർ തോറാട്ട്, മഹേന്ദ്ര മ്ഹാത്രെ, സേവാദളിലെ രവീന്ദ്ര കോളി എന്നിവരും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രതിനിധികളും മറ്റു പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗങ്ങൾ സ്മരിച്ച താനെ കോൺഗ്രസ് സിറ്റി ജില്ലാ പ്രസിഡന്റ് രാഹുൽ പിംഗളെ, നിലവിലുള്ള സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാനും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പൊതുസമൂഹം മുന്നോട്ടുവരണമെന്ന് തൻ്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.
