വ്യാജകേസിൽ കുടുക്കുമെന്ന് ഭീഷണി; മുംബൈയിൽ 24-കാരൻ 13-ാം നിലയിൽ നിന്ന് ചാടി മരിച്ചു, മുൻകാമുകിക്കും സഹോദരിക്കുമെതിരെ കേസ്

by WhatsUp Mumbai

മുംബൈ: മുൻകാമുകിയുടെയും സഹോദരിയുടെയും നിരന്തര ഭീഷണിയെ തുടർന്ന് മുംബൈ ബാന്ദ്രയിൽ 24-കാരൻ കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് ചാടി മരിച്ചു. ബാന്ദ്ര ഈസ്റ്റിലെ ‘ജേഡ് ഗാർഡൻസ്’ നിവാസിയും നിയമ ബിരുദധാരിയുമായ സനത് രാഘവനാണ് (24) ജീവനൊടുക്കിയത്. സംഭവത്തിൽ സനതിന്റെ മുൻകാമുകിക്കും സഹോദരിക്കുമെതിരെ ഖേർവാഡി പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു.

​ബെംഗളൂരുവിലെ പഠനകാലത്താണ് സനത് യുവതിയുമായി പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. ബ്രേക്കപ്പിനു ശേഷം വ്യാജ കേസിൽ കുടുക്കുമെന്ന് മുൻകാമുകിയും അവരുടെ സഹോദരിയും ചേർന്ന് സനതിനെയും സഹോദരനെയും ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇത് സനതിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് അമ്മ വീട്ടിലുള്ളപ്പോൾ സനത് കിടപ്പുമുറിയുടെ വാതിലടച്ച് 13-ാം നിലയിലെ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സനതിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

You may also like