38 വർഷത്തെ ജീവകാരുണ്യം; നാഷിക് മലയാളി കൾച്ചറൽ അസോസിയേഷന് ആദരം

by WhatsUp Mumbai

നാസിക്: കഴിഞ്ഞ 38 വർഷമായി നാഷിക് സിവിൽ ഹോസ്പിറ്റലുമായി സഹകരിച്ച് തുടർച്ചയായി രക്തദാന ക്യാമ്പുകളും സാമൂഹിക സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്ന നാസിക് മലയാളി കൾച്ചറൽ അസോസിയേഷനെ (NMCA) ആദരിച്ചു. ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഓർഗനൈസേഴ്സ് ഫെലിസിറ്റേഷൻ സെറിമണിയിലാണ് (Blood Donation Camp Organizers’ Felicitation Ceremony) സംഘടനയെ ആദരിച്ചത്.

2026 ആഗസ്റ്റ് 8-ന് നാഷിക്കിലെ ഐഎംഎ ഹാളിൽ (IMA Hall) നടന്ന ചടങ്ങിൽ എന്എംസിഎയെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി  ശിവൻ സദാശിവൻ, ഓഫീസ് സെക്രട്ടറി വിനോദ് തുളസീധരൻ പിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി.കെ. ശശികുമാർ എന്നിവർ പങ്കെടുത്ത് ആദരം ഏറ്റുവാങ്ങി.

രക്തദാനം മഹത്തായ ജീവകാരുണ്യ പ്രവർത്തനമാണ്; ഒരു വ്യക്തിയുടെ രക്തദാനം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നു” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സംഘടന രംഗത്തുള്ളത്. സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലും നിരവധി രക്തദാതാക്കളെ ഈ രംഗത്തേക്ക് എത്തിക്കുന്നതിലും എൻഎംസിഎ നിർണായക പങ്കുവഹിച്ചു.

ഈ അംഗീകാരം ഏതാനും വ്യക്തികളുടെ മാത്രം നേട്ടമല്ലെന്നും, 38 വർഷമായി സഹകരിച്ച എല്ലാ രക്തദാതാക്കൾക്കും അംഗങ്ങൾക്കും പ്രവർത്തകർക്കും നാസിക് സമൂഹത്തിനുമുള്ള ആദരവാണെന്നും എൻഎംസിഎ ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ ഉൾപ്പെടെയുള്ള ഭാരവാഹികൾ അറിയിച്ചു. രക്തദാതാക്കൾക്ക് നന്ദി രേഖപ്പെടുത്തിയ സംഘടന, വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ രീതിയിൽ രക്തദാന ക്യാമ്പുകളും സാമൂഹിക സേവന പ്രവർത്തനങ്ങളും തുടരുമെന്നും വ്യക്തമാക്കി.

You may also like