മുംബൈ : പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ പുനർവികസിപ്പിക്കുന്ന രാജ്യത്തെ 15 റെയിൽവേ സ്റ്റേഷനുകളിൽ മുംബൈയിലെ അന്ധേരി, ദാദർ, കല്യാൺ എന്നീ സ്റ്റേഷനുകളും ഉൾപ്പെട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. പദ്ധതികളുടെ മാസ്റ്റർ പ്ലാനിംഗും സാമ്പത്തിക മാതൃക തയ്യാറാക്കലും പുരോഗമിക്കുകയാണെന്നും കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ റാണി കമലപതി സ്റ്റേഷൻ പിപിപി മാതൃകയിലാണ് മുൻപ് വികസിപ്പിച്ചത്.
മറ്റൊരു പദ്ധതിയായ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി (ABSS) വഴി രാജ്യത്തൊട്ടാകെ തിരഞ്ഞെടുത്ത 1,340 സ്റ്റേഷനുകളിൽ 261 എണ്ണത്തിന്റെ വികസനം പൂർത്തിയായിട്ടുണ്ട്.
ഇതിനുപുറമേ, ഹാർബർ ലൈനിൽ എസി ലോക്കലുകളും ബംഗളൂരു-മുംബൈ എക്സ്പ്രസ്, മുംബൈ-നാന്ദേഡ് എക്സ്പ്രസ് തുടങ്ങിയ പുതിയ ദീർഘദൂര സർവീസുകളും ആരംഭിച്ചിട്ടുണ്ട്. 15 കോച്ച് ട്രെയിനുകൾക്കായി 34 സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം നീളം കൂട്ടുകയും ദാദർ, കല്യാൺ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ശേഷി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ദിനംപ്രതി 3,200 സബർബൻ സർവീസുകളാണ് മുംബൈയിൽ പ്രവർത്തിക്കുന്നത്.