ന്യൂഡൽഹി: ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി ജീവനുള്ള മൃഗങ്ങളെ കടത്തുന്നത് തടയാൻ കർശന നടപടികളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ (DGCA). കൃത്യമായ വിവരങ്ങളോ അനുമതിയോ ഇല്ലാതെ മൃഗങ്ങളെ കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, അവയെ ഉടനടി കയറ്റി അയച്ച രാജ്യത്തേക്ക് തിരികെ എത്തിക്കേണ്ട (നാടുകടത്തൽ) പൂർണ്ണ ചുമതല ബന്ധപ്പെട്ട വിമാനക്കമ്പനികൾക്കായിരിക്കുമെന്ന് ഡിജിസിഎ അറിയിച്ചു.
മൃഗങ്ങളെ തിരികെ കൊണ്ടുപോകുന്നതിനുള്ള മുഴുവൻ ചെലവുകളും, മൃഗങ്ങളുടെ പരിപാലനം, യാത്രയ്ക്കിടയിലെ ക്ഷേമം, അനുബന്ധ രേഖകൾ ശരിയാക്കൽ, ലോജിസ്റ്റിക്സ് എന്നിവയുടെ ഉത്തരവാദിത്തവും വിമാനക്കമ്പനികൾ തന്നെ വഹിക്കണം. ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസിന്റെയും കസ്റ്റംസിന്റെയും നിബന്ധനകൾ പാലിച്ചായിരിക്കണം നടപടികൾ.
തടസ്സമില്ലാത്ത പരിശോധനകൾ ഉറപ്പാക്കാൻ ചെക്ക്-ഇൻ കൗണ്ടറുകൾ, ബോർഡിംഗ് ഗേറ്റുകൾ, ഇൻ-ഫ്ലൈറ്റ് ജീവനക്കാർ എന്നിവർക്ക് കസ്റ്റംസ്, ക്വാറന്റൈൻ നിയമങ്ങളെക്കുറിച്ച് കൃത്യമായ പരിശീലനവും ബോധവൽക്കരണവും നൽകാൻ വിമാനക്കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, മൃഗങ്ങളെ കൊണ്ടുവരുന്നതിലുള്ള വിലക്കുകളും നിയന്ത്രണങ്ങളും വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകളും വിവരങ്ങളും യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.