മുംബൈ: ഒൻപതുവയസ്സുകാരിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കെട്ടിടത്തിന്റെ ടെറസിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 34-കാരന് ജീവിതകാലം മുഴുവൻ തടവുശിക്ഷ വിധിച്ച് മുംബൈ പ്രത്യേക പോക്സോ കോടതി. പ്രതി സമൂഹത്തിനും സ്ത്രീകൾക്കും കുട്ടികൾക്കും കടുത്ത ഭീഷണിയാണെന്ന് നിരീക്ഷിച്ചാണ് കോടതി യാതൊരു ഇളവും നൽകാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2022 ഒക്ടോബർ 19-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെമ്പൂരിൽ താമസിക്കുന്ന പെൺകുട്ടി ഉച്ചയ്ക്ക് 12 മണിയോടെ സ്കൂളിലേക്ക് പോകുന്ന വഴിക്കാണ് സംഭവം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കെട്ടിടത്തിന്റെ ടെറസിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നവി മുംബൈ സ്വദേശിയായ പ്രതിയെ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. ഇരയായ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ തിലക്നഗർ പോലീസാണ് കേസെടുത്തത്.
പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതി സാവന്ത് കോടതിയെ അറിയിച്ചു. 12 വയസ്സിൽ താഴെയുള്ള രണ്ടു പെൺകുട്ടികളെ സമാനമായി ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 2011-ൽ ഇയാൾക്ക് 10 വർഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ടും ഇയാളുടെ സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം കുറ്റവാളികളെ തിരുത്തുക എന്നതാണെങ്കിലും, തടവറയിൽ കിടന്നിട്ടും പ്രതിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇയാൾ സമാനമായ ക്രൂരത ആവർത്തിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങൾ പൂർണ്ണമായും ശരിവെച്ചാണ് കോടതി പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്.