ഭക്ഷണശാലകളിൽ പിടിമുറുക്കി എഫ്‌ഡിഎ; വിട്ടുവീഴ്ചയില്ലെന്ന് തുകാറാം മുണ്ടെ

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന റെസ്റ്റോറന്റുകൾ, ക്ലൗഡ് കിച്ചണുകൾ, ചെറുകിട ഭക്ഷണശാലകൾ എന്നിവയ്‌ക്കെതിരെ നടപടി കടുപ്പിച്ച് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ). മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് എഫ്‌ഡിഎ കമ്മീഷണർ തുകാറാം മുണ്ടെ മുന്നറിയിപ്പ് നൽകി.

​മേയ് 25-ന് ചുമതലയേറ്റ ഐഎഎസ് ഉദ്യോഗസ്ഥനായ തുകാറാം മുണ്ടെയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റെയ്ഡുകളും പരിശോധനകളും തുടരുകയാണ്. മായംചേർക്കലും സുരക്ഷാവീഴ്ചകളും തടയാൻ വ്യാപക പരിശോധന നടത്തുന്ന എഫ്‌ഡിഎ, നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനം തടയുകയും ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ദക്ഷിണ മുംബൈയിലെ പ്രശസ്തമായ റസ്റ്റോം ഐസ്ക്രീം പാർലർ, പൂർണിമ റെസ്റ്റോറന്റ്, ബിഎംസി ആസ്ഥാനത്തെ കാന്റീൻ, പാർസി ഡെയറി ഫാം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പാർസി ഡെയറി ഫാം ജൂലൈ 29-ന് പ്രവർത്തനം പുനരാരംഭിച്ചു.

വളർന്നുവരുന്ന ക്ലൗഡ് കിച്ചണുകളിൽ പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പുകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ പതിവ് സാമ്പിൾ പരിശോധനകൾക്കും വാർഷിക ഓഡിറ്റുകൾക്കും പുറമെ, ലഭിക്കുന്ന പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലും എഫ്‌ഡിഎ നടപടി സ്വീകരിക്കുന്നുണ്ട്.

You may also like