വാർധ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ് വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വാർധയിലെ വിരുൽ ഇന്റർചേഞ്ചിന് സമീപമാണ് അപകടം സംഭവിച്ചത്. പുൽഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് വാർധ പോലീസ് അറിയിച്ചു.
നിയന്ത്രണം വിട്ട ഐഷർ ട്രക്ക് കാറിന്റെ പിൻഭാഗത്തേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ ഓടിച്ചിരുന്ന ആളടക്കം അതിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ട്രക്കിന്റെ ഡ്രൈവറും അപകടത്തിൽ ജീവൻ വെടിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ട്രക്കിലെ ക്ലീനർ നിലവിൽ ചികിത്സയിലാണ്.
അപകടവിവരമറിഞ്ഞ് ഹൈവേ പോലീസും പുൽഗാവ് പോലീസും ഉടൻതന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും എക്സ്പ്രസ് വേയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി പുൽഗാവ് റൂറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.