കോളേജ് പ്രവേശനത്തിൽ സംവരണക്കുരുക്ക്: മഹാരാഷ്ട്രയിൽ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെച്ചൊല്ലി പുതിയ നിയമയുദ്ധം

by WhatsUp Mumbai

മുംബൈ: ഭരണഘടനയുടെ മുപ്പതാം അനുച്ഛേദം (Article 30) ഉറപ്പുനൽകുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെച്ചൊല്ലി മഹാരാഷ്ട്രയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്തെ എയ്ഡഡ്, അൺ-എയ്ഡഡ് ജൂനിയർ കോളേജുകളിലെ ഒന്നാം വർഷ പ്രവേശനത്തിന് (FYJC) പട്ടികജാതി (SC), പട്ടികവർഗ്ഗ (ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC) എന്നിവർക്കുള്ള സംവരണം നിർബന്ധമാക്കിക്കൊണ്ട് മെയ് 6-ന് പുറപ്പെടുവിച്ച സർക്കാർ പ്രമേയമാണ് വിവാദങ്ങൾക്ക് ആധാരം.

ഭരണഘടനയുടെ അനുച്ഛേദം 30 (1) പ്രകാരം രാജ്യത്തെ മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് പ്രമുഖ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഭരണഘടനയുടെ 15 (5) അനുച്ഛേദം അനുസരിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളെ ഇത്തരം സംവരണ നയങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. 2019-ലും സമാനമായ പ്രമേയം സർക്കാർ ഇറക്കിയിരുന്നെങ്കിലും കോടതി ഇടപെടലിനെ തുടർന്ന് പിൻവലിച്ചിരുന്നു.

വിഷയം പരിഗണിച്ച ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസുമാരായ എം. എസ്. കർണിക്, എൻ. ആർ. ബോർക്കർ എന്നിവർ കടുത്ത ഭാഷയിലാണ് മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ചത്. ന്യൂനപക്ഷ സ്ഥാപനങ്ങളെ ഈ പ്രമേയത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് എന്തിനാണെന്ന് ചോദ്യം ചെയ്ത കോടതി, സർക്കാർ അഭിഭാഷക നേഹ ഭിഡെയോട് ഇക്കാര്യത്തിൽ പ്രമേയത്തിലെ പ്രസക്തമായ ഭാഗം പിൻവലിക്കാൻ സർക്കാർ തയ്യാറാണോ എന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. തെറ്റുകൾ തിരുത്താൻ സർക്കാർ തന്നെ മുന്നോട്ടുവരണമെന്നും കോടതി ഓർമ്മിപ്പിച്ചു.

You may also like