മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് ശൃംഖലയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. വിമാനത്താവള ജീവനക്കാരുടെ സഹായത്തോടെ ട്രാൻസിറ്റ് യാത്രക്കാരെ ഉപയോഗിച്ച് ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളിൽ നിന്ന് സ്വർണം കടത്തിയ സംഘത്തിലെ ആറ് പേരാണ് അറസ്റ്റിലായത്.
ഹിമാൻഷു ഉപാധ്യായ (25), മോഹിദ് ഹസൻ സിദ്ദിഖി (32), ഫിറോസ് സയ്യിദ് (47) എന്നിവരും ഫിലിപ്പീൻസ് സ്വദേശികളായ ലക്കീം അലിമുദിൻ നാസർ (35), ബെന്നി ലോയ്ഡ് ഒലിവോ (35), ക്രിസ്റ്റീൻ ജോയ് അന്തായ പോർനാസ്ദോറോ (35) എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച പിടിയിലായത്.
ട്രാൻസിറ്റ് യാത്രക്കാരായ ഫിലിപ്പീൻസ് സ്വദേശികളിൽ നിന്ന് ഫിറോസ് സയ്യിദ് വിമാനത്താവളത്തിനുള്ളിൽ വെച്ച് സ്വർണം കൈപ്പറ്റുകയും, അത് ഹിമാൻഷു ഉപാധ്യായ വഴി മോഹിദ് ഹസൻ സിദ്ദിഖിക്ക് കൈമാറി വിമാനത്താവളത്തിന് പുറത്തെത്തിക്കുകയുമായിരുന്നു രീതി. വിമാനത്താവള ജീവനക്കാരുടെ സഹായത്തോടെ ഒരു മുഖ്യസൂത്രധാരന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. വിദേശികൾ ഉൾപ്പെട്ട ഈ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ മറ്റ് പ്രതികൾക്കായി ഡി.ആർ.ഐ അന്വേഷണം ഊർജ്ജിതമാക്കി.