മുംബൈ: കല്യാൺ ഈസ്റ്റിൽ താമസിച്ചിരുന്ന ടി. കെ. വേലായുധൻ (70) നിര്യാതനായി. കല്യാൺ ഈസ്റ്റ് ജരിമരി മന്ദിറിന് പുറകിലുള്ള മിത്ര സംഘം സൊസൈറ്റിയിലെ ചാൾ നമ്പർ 5, റൂം നമ്പർ 1-ലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മരണപ്പെട്ട വേലായുധന്റെ അടുത്ത ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീട്ടുടമ നൽകിയ വിവരത്തെത്തുടർന്ന് കോൾസേവാടി പോലീസ് സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. നിലവിൽ മൃതദേഹം കല്യാൺ വെസ്റ്റിലുള്ള രുക്മിണിഭായ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായ ശേഷം, റിപ്പോർട്ടും മൃതദേഹം സംബന്ധിച്ച രേഖകളും ഒന്നോ രണ്ടോ ദിവസത്തിനകം കോൾസേവാടി പോലീസിന് കൈമാറും. തുടർന്ന് ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമായി തുടരും.
മൃതദേഹം ഏഴ് ദിവസത്തേക്ക് കൂടി രുക്മിണിഭായ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നതാണ്. ഈ കാലയളവിനുള്ളിൽ ബന്ധുക്കളോ അവകാശികളോ ആരും എത്തിച്ചേരാത്ത പക്ഷം, കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷന്റെ സഹായത്തോടെ നിയമാനുസൃതമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് പൊതുശ്മശാനത്തിൽ സംസ്കാരം നടത്തുന്നതായിരിക്കും.
കല്യാണിലെ സാമൂഹ്യ പ്രവർത്തകനായ അലാവുദ്ധീൻ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്.
ടി. കെ. വേലായുധനെക്കുറിച്ചോ അദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ എത്രയും വേഗം കോൾസേവാടി പോലീസുമായോ ബന്ധപ്പെട്ട അധികാരികളുമായോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പറുകൾ:
9819124769
9821804986
9819849866