രാമായണ ശീലുകളിലേക്ക് ഉണരുന്ന കർക്കടകം: പുണ്യങ്ങളുടെ സമർപ്പണ നാളുകൾ

താരാ വർമ്മ

by admin

പുണ്യം നിറഞ്ഞ ക്ഷേത്രദർശനങ്ങളും രാമായണ പാരായണവുമായി ഭക്തിനിർഭരമായ 30 ദിവസങ്ങൾ. മലയാളികളെ സംബന്ധിച്ചിടത്തോളം പ്രാർത്ഥനകളുടെയും സമർപ്പണത്തിന്റെയും നാളുകൾ…

അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ് കർക്കടകം ഒന്നും ഏകാദശിയും ഒരുമിച്ചു വരുന്നത്. മഹാവിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയും മലയാളം കലണ്ടറിന്റെ അവസാന മാസമായ കർക്കടകം ഒന്നും ഒരുമിച്ച് ആഘോഷിക്കുകയാണ് ആചാരാനുഷ്ഠാനങ്ങളെ എന്നും മുറുകെപ്പിടിക്കുന്ന മലയാളി. ഈ ദിവസം വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രദർശനം നടത്തുന്നതും ഭഗവാനെ പൂജിക്കുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം.

.കർക്കടകം ഒന്നിന് രാവിലെ കുളിച്ച് ശുദ്ധമായി രാമായണ പാരായണം ആരംഭിക്കുന്നത് ഉത്തമമായി കരുതുന്നു. നിലവിളക്കു തെളിയിച്ച് വന്ദിച്ചുകൊണ്ടാണ് രാമായണം വായിച്ചുതുടങ്ങേണ്ടത്. വടക്കോട്ട് അഭിമുഖമായിരുന്ന് വേണം പാരായണം ചെയ്യാൻ. രാമായണ പാരായണം നടത്തുമ്പോൾ ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവരുൾപ്പെട്ട ശ്രീരാമ പട്ടാഭിഷേക ചിത്രം മുന്നിൽ വെക്കുന്നത് ഉത്തമമാണ്. കർക്കടകമാസം അവസാനിക്കുന്നതിനു മുൻപ് തന്നെ മുഴുവൻ അധ്യായങ്ങളും വായിച്ചു പൂർത്തിയാക്കേണ്ടതും വിശ്വാസത്തിന്റെ ഭാഗമാണ്.

ഭക്തിയുടെയും തീർത്ഥാടനത്തിന്റെയും പുണ്യമാസമാണ് രാമായണമാസം. നഗരങ്ങൾ ഇന്ന് രാമായണ ശീലുകളാൽ മുഖരിതമാകും; വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം ഉയർന്നു കേൾക്കും. ആധികളും വ്യാധികളും ഭീതികളും പെരുകുന്ന കെട്ട കാലമായിരുന്നു പണ്ട് കർക്കടകം. കർക്കടകത്തിലെ ദുസ്ഥിതികൾ നീക്കി മനസ്സിന് ശക്തി പകരാനുള്ള വഴിയായാണ് രാമായണപാരായണത്തെ കാണുന്നത്. ജാതി-മതഭേദമന്യേ എല്ലാ മനുഷ്യർക്കും രാമായണ പാരായണം നടത്താവുന്നതാണ്. അങ്ങനെ അല്ലാത്തപക്ഷം നാട് ഇരുട്ടിലാഴും എന്നത് ചരിത്രം. ഇന്ന് ലോകത്തെ ഏതു ഭാഷയും മലയാളിക്ക് മറ്റാരേക്കാളും അനായാസമായും കൃത്യമായും പഠിക്കാൻ കഴിയുന്നത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എല്ലാ ഭാഷയിലെയും അറിവുകൾ ഉൾക്കൊള്ളാൻ പാകത്തിലുള്ള അക്ഷര-പദസമൃദ്ധിയോടെ മലയാളഭാഷയെ വാർത്തെടുത്തു തന്നതുകൊണ്ടാണ്. ആ ഭാഷാപിതാവിന് മുന്നിൽ കൂപ്പുകൈകൾ…

മാനുഷിക ഭാവങ്ങളുടെ പ്രതീകമാണ് ശ്രീരാമൻ. സത്യത്തിലും ധർമ്മത്തിലും അധിഷ്ഠിതമായ ജീവിതവും മാനുഷിക വികാരങ്ങളുമാണ് രാമന്റെ ജീവിതത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആത്മീയവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും വലിയ സ്രോതസ്സാണ് രാമായണം. അവതാരപുരുഷനുപോലും വിധിയെ തടുക്കാനാവില്ലെന്നും വെല്ലുവിളി നിറഞ്ഞ ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നതുമായ വലിയ പാഠമാണ് രാമായണം നൽകുന്നത്. ഇത് മനുഷ്യജീവിതവുമായി അത്രമേൽ അടുത്തുനിൽക്കുന്നതിനാൽ, രാമായണ പാരായണം ചെയ്യുന്നവരുടെ മനസ്സിന് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊർജ്ജം ലഭിക്കും.

നല്ലതുമാത്രം പ്രതീക്ഷിച്ചുകൊണ്ട്, ശുദ്ധമായ മനസ്സും ശരീരവും അർപ്പിച്ച് രാമായണ പാരായണം ചെയ്യുന്ന ഈ പുണ്യമാസത്തിൽ എല്ലാവർക്കും നന്മകൾ നിറഞ്ഞ രാമായണമാസ ആശംസകൾ നേരുന്നു.

​(പ്രശസ്ത കഥകളി കലാകാരിയും സാംസ്കാരിക പ്രവർത്തകയുമാണ് താരാ വർമ്മ )

You may also like