800 പേരുടെ സ്ഥാനത്ത് 3,500 തടവുകാർ! ആർതർ റോഡും താനെയും കടുത്ത പ്രതിസന്ധിയിൽ; മഹാരാഷ്ട്രയിൽ ജയിലുകൾ നിറയുമ്പോൾ

by WhatsUp Mumbai

മുംബൈ:മഹാരാഷ്ട്രയിലെ ജയിലുകൾ തടവുകാരെ ഉൾക്കൊള്ളാനാകാതെ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ജയിലുകളുടെ യഥാർത്ഥ ശേഷിയേക്കാൾ വളരെക്കൂടുതൽ തടവുകാരെയാണ് ഇപ്പോൾ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തടവറകളിൽ നിലവിൽ ശേഷിയുടെ 173 ശതമാനത്തോളം ആളുകളുണ്ട്. മുംബൈ സെൻട്രൽ ജയിൽ (ആർതർ റോഡ് ജയിൽ), താനെ സെൻട്രൽ ജയിൽ, തലോജ സെൻട്രൽ ജയിൽ എന്നിവയാണ് തടവുകാരുടെ ആധിക്യം മൂലം ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്.

സംസ്ഥാനത്തെ ജയിലുകളിൽ ആകെ 26,022 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമേയുള്ളൂ എന്നിരിക്കെ, നിലവിൽ 45,040 പേരാണ് ഇവിടെ കഴിയുന്നത്. അതായത്, ആർതർ റോഡ് ജയിലിൽ 800 പേരെ പാർപ്പിക്കേണ്ട സ്ഥാനത്ത് 3,556 തടവുകാരുണ്ട്. താനെ ജയിലിൽ 1,105 പേർക്ക് പകരം 4,498 തടവുകാരും, തലോജ ജയിലിൽ 2,124 പേർക്ക് പകരം 3,186 തടവുകാരും കഴിയുന്നു. വിചാരണ നേരിടുന്ന തടവുകാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ജയിൽ വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് ഗുപ്ത വ്യക്തമാക്കുന്നു.

​ഈ തടവുകാരുടെ അമിത ഭാരം കുറയ്ക്കുന്നതിനായി മൻഖുർദിൽ പുതിയ ജയിൽ സ്ഥാപിക്കാനുള്ള ബൃഹദ് പദ്ധതിയെക്കുറിച്ച്  സർക്കാർ പ്രതിനിധികൾ സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അഞ്ച് നിലകളുള്ള ബാരക്കുകളുമായി മുംബൈയിലെ ആദ്യത്തെ ബഹുനില ജയിലാണ് മാൻഖുർദിൽ ഒരുങ്ങുന്നത്. കമ്പ്യൂട്ടർ ലാബ്, ഡിജിറ്റൽ ലൈബ്രറി, ആധുനിക അടുക്കള, ആശുപത്രി, കൗൺസിലിംഗ് സെന്റർ, സന്ദർശകർക്കായുള്ള പ്രത്യേക ഹാൾ എന്നിവയടങ്ങുന്ന രാജ്യാന്തര നിലവാരത്തിലുള്ള ജയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജയിൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 5.42 ഹെക്ടർ ഭൂമിയിലാണ് ഈ ആധുനിക സമുച്ചയം നിർമ്മിക്കുന്നത്.

എന്നാൽ, നിർമ്മാണ അനുമതികൾ വൈകുന്നതും മറ്റ് തടസ്സങ്ങളും മാൻഖുർദ് പദ്ധതിയുടെ വേഗത കുറയ്ക്കുന്നുണ്ട്. ഈ പുതിയ ജയിൽ സമുച്ചയം യാഥാർത്ഥ്യമാകുന്നതോടെ മുംബൈയിലെയും സമീപപ്രദേശങ്ങളിലെയും ജയിലുകളിലെ തടവുകാരുടെ അമിത ഭാരം വലിയൊരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like