യൂറോപ്യൻ സന്ദർശനത്തിനൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു; ഒപ്പമുള്ള ബിസിനസ് സംഘത്തിൽ മലയാളി സാന്നിധ്യമായി ഡോ. സുരേഷ് കുമാറും

by WhatsUp Mumbai

മുംബൈ: ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നടത്തുന്ന ചരിത്രപ്രധാനമായ മോൾഡോവ, റൊമാനിയ സന്ദർശനത്തിനുള്ള ഔദ്യോഗിക ബിസിനസ് പ്രതിനിധിസംഘത്തിലേക്ക് പ്രമുഖ മലയാളി വ്യവസായിയും സീഗൾ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാറിനെ നാമനിർദ്ദേശം ചെയ്തു.

​ഒരു ഇന്ത്യൻ രാഷ്ട്രപതി ആദ്യമായാണ് മോൾഡോവ സന്ദർശിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷമാണ് റൊമാനിയയിലേക്ക് ഒരു ഇന്ത്യൻ രാഷ്ട്രതല സന്ദർശനം നടക്കുന്നത് എന്ന ചരിത്രപ്രാധാന്യവും ഇതിനുണ്ട്. ഇന്ത്യയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, നിർമ്മാണം, ഊർജം, നൈപുണ്യ വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സന്ദർശനം വഴിയൊരുക്കും.

അന്താരാഷ്ട്ര റിക്രൂട്ട്മെന്റ്, നൈപുണ്യ വികസനം, അന്താരാഷ്ട്ര വ്യവസായ സഹകരണം എന്നീ മേഖലകളിൽ ഡോ. സുരേഷ്‌കുമാർ നാല് പതിറ്റാണ്ടിലേറെയായി നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ രാഷ്ട്രപതിക്കൊപ്പമുള്ള വിശിഷ്ട ബിസിനസ് പ്രതിനിധിസംഘത്തിൽ അംഗമാകാൻ അവസരം ലഭിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് ഡോ. സുരേഷ് കുമാർ പ്രതികരിച്ചു. അവസരം നൽകിയ ഭാരത സർക്കാരിനോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഇന്ത്യ, മോൾഡോവ, റൊമാനിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, നിക്ഷേപം, നൈപുണ്യ വികസനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിക്കുന്നതിനും ഈ സന്ദർശനം സഹായകരമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

​ഡോ. സുരേഷ്‌കുമാർ മധുസൂദനന്റെ ഈ ശ്രദ്ധേയമായ നേട്ടത്തിൽ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജ്മെന്റും ജീവനക്കാരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.

1985-ൽ സ്ഥാപിതമായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മുപ്പതിലധികം രാജ്യങ്ങളിലേക്ക് മൂന്ന് ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് അന്താരാഷ്ട്ര തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോ. സുരേഷ്‌കുമാർ. സുതാര്യവും നൈതികവുമായ റിക്രൂട്ട്മെന്റ് രീതികളും നൈപുണ്യ വികസന പ്രവർത്തനങ്ങളും വഴി ആഗോള നിലവാരത്തിൽ ഇന്ത്യൻ പ്രതിഭകളെ വളർത്തിയെടുക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ദീർഘദർശിത്വം ദേശീയ-അന്തർദേശീയ തലങ്ങളിൽ സീഗളിന് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.

You may also like