‘ക്രൈം പട്രോൾ’ സീരിയൽ കണ്ട് കൊലപാതക ആസൂത്രണം; മുംബൈയിൽ പ്രായപൂർത്തിയാകാത്ത കാമുകിയെ കൊന്ന് കാട്ടിൽ തള്ളി യുവാവ്, ഒടുവിൽ പിടിയിൽ

by WhatsUp Mumbai

മുംബൈ: പ്രശസ്ത ടെലിവിഷൻ ക്രൈം പരമ്പരയായ ‘ക്രൈം പട്രോൾ’ കണ്ട് പ്രചോദനം ഉൾക്കൊണ്ട്, പ്രായപൂർത്തിയാകാത്ത കാമുകിയെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ യുവാവ് മുംബൈയിൽ അറസ്റ്റിലായി. കാന്തിവലിയിലാണ് മുംബൈയെ നടുക്കിയ ഈ ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ പ്രതിയായ യുവാവിനെ കാന്തിവലി പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ ഇവർക്കിടയിലുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം പോലീസിന്റെ കണ്ണുവെട്ടിക്കാനും തെളിവുകൾ പൂർണ്ണമായും നശിപ്പിക്കാനുമായി പ്രതി ‘ക്രൈം പട്രോൾ’ പരമ്പരയിലെ എപ്പിസോഡുകൾ സ്ഥിരമായി കണ്ട് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

ഇതനുസരിച്ച്, ആരും കാണാതെ പെൺകുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ വനപ്രദേശത്ത് കൊണ്ടുപോയി തള്ളുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കാട്ടിക്കൊടുത്ത വനമേഖലയിൽ നിന്നും പോലീസ് മൃതദേഹം കണ്ടെടുത്തു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

You may also like