നവി മുംബൈ: വ്യോമയാന മേഖലയിൽ ചരിത്രം കുറിച്ച് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) ആദ്യ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാനം ലാൻഡ് ചെയ്തു. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘IX-208’ വിമാനമാണ് ബുധനാഴ്ച രാവിലെ 10.20-ഓടെ ഇവിടെയെത്തിയത്. ആദ്യ ആഭ്യന്തര സർവീസ് തുടങ്ങി 201-ാം ദിവസമാണ് വിമാനത്താവളം ഈ വലിയ നാഴികക്കല്ല് പിന്നിടുന്നത്.
ആദ്യ ഘട്ടത്തിൽ ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉള്ളത്. ജൂലൈ 29 മുതൽ ഞായറാഴ്ച കൂടി ഉൾപ്പെടുത്തി ഇത് ആഴ്ചയിൽ മൂന്നായി വർദ്ധിപ്പിക്കും. മുംബൈയിലെ നിലവിലുള്ള വിമാനത്താവളത്തിലെ ശരാശരി നിരക്കായ 14,175 രൂപയേക്കാൾ കുറഞ്ഞ നിരക്കിൽ, 12,671 രൂപയ്ക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രാരംഭ സർവീസ് നടത്തുന്നത്.
യാത്രാ സർവീസിനൊപ്പം വിമാനത്താവളത്തിലെ ആഗോള കാർഗോ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഗൾഫ് വിപണിയിലേക്കുള്ള ഇന്ത്യയുടെ കാർഷിക കയറ്റുമതി സുഗമമാക്കുന്ന പെരിഷബിൾ ഉൽപ്പന്നങ്ങളുടെ ആദ്യ ബാച്ചും ഈ വിമാനത്തിലാണ് കൊണ്ടുപോയത്. ഇതോടെ മുംബൈ റീജിയണിലെ രണ്ടാമത്തെ അന്താരാഷ്ട്ര കവാടമായി നവി മുംബൈ വിമാനത്താവളം മാറി.