മുംബൈ: പരേലിൽ നിന്ന് അംബർനാഥിലേക്ക് പോവുകയായിരുന്ന മുംബൈ ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യാത്രക്കാർ തമ്മിൽ ക്രൂരമായ കൂട്ടത്തല്ല്. ബുധനാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെ ഡോംബിവ്‌ലി സ്റ്റേഷൻ പിന്നിട്ട ശേഷമാണ് ലഗേജ് കമ്പാർട്ട്മെന്റിൽ സംഘർഷമുണ്ടായത്. വാക്കുതർക്കത്തിനിടെ കൈയിലുണ്ടായിരുന്ന ഇരുമ്പ് വള (കട) കൊണ്ടുള്ള മർദ്ദനമേറ്റ് യാത്രക്കാരുടെ ചോര വീണ് കമ്പാർട്ട്മെന്റ് ചോരക്കളമായി മാറി.
സംഭവത്തിൽ പരിക്കേറ്റ രാജു വാഗെ (19), സാഹിൽ ഖന്ദാരെ (19), പ്രിതേഷ് കനോജിയ (31) എന്നിവരെ ട്രെയിൻ കല്യാൺ സ്റ്റേഷനിലെത്തിയ ഉടൻ തന്നെ ആർ.പി.എഫും റെയിൽവേ പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഇവരെ ആദ്യം സമീപത്തെ രുക്മിണിബായ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ സയൺ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കല്യാൺ ജി.ആർ.പി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.