പീഡനാരോപണത്തിന് ശേഷവും പരിശീലനം തുടർന്നു’; ടെന്നീസ് കോച്ചിനെതിരെയുള്ള പോക്സോ കേസ് തള്ളി താനെ കോടതി

by WhatsUp Mumbai

താനെ:പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പീഡനക്കേസിൽ ടെന്നീസ് പരിശീലകനെ താനെ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. ലൈംഗിക അതിക്രമം നേരിട്ടെന്ന് പറയപ്പെടുന്ന സമയത്തും അതിനുശേഷവും പെൺകുട്ടി ഇതേ പരിശീലകന് കീഴിൽ തന്നെ കായിക പരിശീലനം തുടർന്നത് ചൂണ്ടിക്കാണിച്ചാണ് കോടതി വിധി. പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പ്രത്യേക പോക്സോ (POCSO) കോടതി ജഡ്ജി വി.വി. വിരാട് നിരീക്ഷിച്ചു.

2021 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ അക്കാദമിയിലും ടൂർണമെന്റ് നടന്ന ഹോട്ടൽ മുറികളിലും വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാൽ, ഈ കാലയളവിലുടനീളം പെൺകുട്ടി യാതൊരുവിധ ഭയവുമില്ലാതെ പ്രതിക്കൊപ്പം ടൂർണമെന്റുകളിൽ പങ്കെടുത്തതായി കോടതി കണ്ടെത്തി. പീഡനവിവരം മാതാപിതാക്കളിൽ നിന്ന് ദീർഘനാൾ മറച്ചുവെച്ചതും വൈകി പരാതി നൽകിയതും പ്രോസിക്യൂഷൻ വാദങ്ങളുടെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് കോടതി വിലയിരുത്തി.

മെഡിക്കൽ റിപ്പോർട്ടുകളോ മറ്റ് സാഹചര്യ തെളിവുകളോ പീഡനാരോപണത്തെ സാധൂകരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും പ്രതിയും പെൺകുട്ടിയും തമ്മിൽ സാധാരണ രീതിയിലുള്ള കായിക പരിശീലന ബന്ധം മാത്രമാണുണ്ടായിരുന്നതെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി അംഗീകരിച്ചു. ഇതേത്തുടർന്നാണ് പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ നിന്നും പ്രതിയെ കോടതി പൂർണ്ണമായും വെറുതെ വിട്ടത്.

You may also like