നന്ദുർബാറിൽ സർക്കാർ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 40 വിദ്യാർത്ഥികൾ ആശുപത്രിയിൽ, 5 പേർ ഐസിയുവിൽ!

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ ഷഹാദയിലുള്ള സർക്കാർ സോഷ്യൽ വെൽഫെയർ ഹോസ്റ്റലിൽ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് നാൽപ്പതോളം വിദ്യാർത്ഥികൾക്ക് അസ്വാസ്ഥ്യം. ശനിയാഴ്ചയായിരുന്നു സംഭവം. ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും വിഷബാധയും ഗ്യാസ്ട്രൈറ്റിസും ഉണ്ടായതിനെ തുടർന്ന് കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ പരിഭ്രാന്തിയിലാണ്.

അസുഖം ബാധിച്ചവരിൽ 25 കുട്ടികളെയാണ് നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ 20 പേർ ഷഹാദ റൂറൽ ആശുപത്രിയിലും, രക്തസമ്മർദ്ദത്തിലും ഓക്സിജൻ്റെ അളവിലും വ്യതിയാനം കണ്ട അഞ്ച് കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിലും (ICU) പ്രവേശിപ്പിച്ചു. മികച്ച ചികിത്സയ്ക്കായി ചില കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. നിലവിൽ എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

വിവരമറിഞ്ഞ് നന്ദുർബാർ ഡിസ്ട്രിക്റ്റ് കളക്ടർ മിതാലി സേത്തി (Mitali Sethi) ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഡോക്ടർമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം കുട്ടികളെ ഡിസ്ചാർജ് ചെയ്യുമെന്നും കളക്ടർ വ്യക്തമാക്കി.

സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ലാബ് പരിശോധനാ ഫലം വന്ന ശേഷം ഹോസ്റ്റൽ ഹെഡ്മാസ്റ്റർ, സോഷ്യൽ വെൽഫെയർ ഓഫീസർ, വാർഡൻ എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് കളക്ടർ മിതാലി സേത്തി അറിയിച്ചു. രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ പോലീസും രംഗത്തുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like