മഹാരാഷ്ട്രയിൽ ക്രൈസ്തവ മിഷൻ ഭൂമികളിൽ റവന്യൂ പരിശോധന; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ, മൂന്നു മാസത്തിനകം റിപ്പോർട്ട്

by WhatsUp Mumbai

മുംബൈ: സംസ്ഥാനത്തെ ക്രൈസ്തവ മിഷനുകളുടെ ഉടമസ്ഥതയിലുള്ള ഭൂമികളെക്കുറിച്ച് അന്വേഷണം നടത്താൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. സെറ്റിൽമെന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ മൂന്ന് മാസത്തിനകം റെക്കോർഡുകൾ പരിശോധിച്ച് നടപടികൾ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവൻകുലെ നിയമസഭയെ അറിയിച്ചു. ജനപ്രതിനിധിയായ ദേവയാനി ഫരാന്ദെയുടെ ചോദ്യത്തിന് മറുപടിയായാണ് ഈ പ്രഖ്യാപനം.

നാസിക് ജില്ലയിലെ മിഷൻ ഭൂമികളിലാകും ഡിവിഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി വിശദമായ പരിശോധന നടത്തുക. നിലവിൽ ജനവാസമുള്ളതോ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതോ ആയ ഭൂമികളെ പ്രത്യേകം പരിഗണിക്കുമെങ്കിലും അനധികൃതമായവക്കെതിരെ കർശന നടപടിയുണ്ടാകും.

കൂടാതെ, ധൂലെ ജില്ലയിൽ കർഷകരല്ലാത്തവർ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതിനെക്കുറിച്ചും അന്വേഷണം നടക്കും. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക ഉന്നതതല സമിതി രൂപീകരിക്കും. വ്യാജ കർഷകരെ തടയാൻ ഭൂമി രജിസ്ട്രേഷൻ സമയത്ത് അപേക്ഷകന്റെ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനം സബ് രജിസ്ട്രാർ ഓഫീസുകളിൽ ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.

You may also like