മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ 22 കാരനായ മയങ്ക് ലോഹാർ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് രംഗത്ത്. കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലൂടെ വേഗത്തിലാക്കി കുടുംബത്തിന് അടിയന്തിരമായി നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.
ചർച്ച്ഗേറ്റിൽ നിന്ന് നല്ലാസോപാരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കനത്ത മഴയെത്തുടർന്ന് കമ്പാർട്ടുമെന്റിലേക്ക് വെള്ളം കയറിയപ്പോൾ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി മയങ്കും പ്രതി സച്ചിൻ രമേഷ് സുവർണയും (റോഷൻ സുവർണ) തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ പ്രതി മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മയങ്കിന്റെ നെഞ്ചിലും വയറിലും ആവർത്തിച്ച് കുത്തുകയായിരുന്നു.
ബോറിവലി സ്റ്റേഷന് തൊട്ടുമുൻപാണ് ഈ രക്തച്ചൊരിച്ചിൽ ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മയങ്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി സച്ചിൻ സുവർണയെ ബോറിവലി ഗവൺമെന്റ് റെയിൽവേ പോലീസ് (GRP) അറസ്റ്റ് ചെയ്തു. നിസ്സാര തർക്കത്തിന്റെ പേരിൽ മകന്റെ ജീവനെടുത്ത കൊലപാതകിക്ക് തൂക്കുകയർ തന്നെ നൽകണമെന്നാണ് പിതാവിന്റെ ആവശ്യം.