മുംബൈ: സാക്കിനാക്കയിൽ തുറന്നുകിടന്ന മാൻഹോളിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെ നടപടിയുമായി ബിഎംസി. നഗരത്തിലെ തുറന്നുകിടക്കുന്നതോ തകർന്നതോ ആയ മാൻഹോളുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരമറിയിക്കാനായി പുതിയ വാട്സാപ് ചാറ്റ്ബോട്ട് സംവിധാനം ആരംഭിച്ചു.
തുറന്ന മാൻഹോളുകൾ കണ്ടെത്തുന്നവർക്ക് +91 8291600100 എന്ന നമ്പറിലേക്ക് ചിത്രങ്ങളും ലൊക്കേഷനും വാട്സാപ് ചെയ്യാം. പരാതികൾ വേഗത്തിൽ പരിഹരിക്കാൻ ഓരോ വാർഡിലും പ്രത്യേക ഹെൽപ്‌ഡെസ്കുകളും രൂപീകരിച്ചിട്ടുണ്ട്.
സാക്കിനാക്കയിലെ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ബിഎംസി കമ്മീഷണർ ഭൂഷൺ ഗഗ്രാനി (Bhushan Gagrani) മൂന്നംഗ ഉന്നതതല സമിതിയെ നിയോഗിച്ചു. അഡീഷണൽ സിറ്റി എഞ്ചിനീയറുടെ (Additional City Engineer) നേതൃത്വത്തിലുള്ള സമിതി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വീഴ്ച വരുത്തിയ സബ്‌കോൺട്രാക്ടർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി.