മുംബൈയിലെ തിരക്കുപിടിച്ച കോൺക്രീറ്റ് പാതകൾക്കും അംബരചുംബികളായ കെട്ടിടങ്ങൾക്കും ഇടയിൽ, സ്വന്തം നാടിന്റെ പച്ചപ്പും കുളിർമയും പുനഃസൃഷ്ടിച്ച് മാതൃകയാവുകയാണ് ഒരു തൃശ്ശൂർക്കാരൻ യുവാവ്. ഉപജീവനത്തിനായി മറുനാട്ടിലെത്തി, ഒടുവിൽ താനെ ബദ്‌ലാപ്പൂരിലെ ഒരേക്കർ ചതുപ്പ് നിലത്തെ ഫലഭൂയിഷ്ഠമായ കൃഷിയിടമാക്കി മാറ്റിയ തൃശ്ശൂർ പെരുവനം സ്വദേശി അഭിലാഷ് രാജന്റെ കഥ ഏതൊരു പ്രവാസിക്കും ആവേശം നൽകുന്ന ഒന്നാണ്.കഠിനാധ്വാനം കൊണ്ട് മൺതരികളെപ്പോലും പൊന്നാക്കാമെന്ന് തെളിയിച്ച അഭിലാഷിന്റെ ‘കോമ്പാത്ത് എസ്റ്റേറ്റ്’ ഇന്ന് മലയാളികളുടെ മനസ്സിൽ പ്രത്യേകമൊരു ഇടംപിടിച്ചിരിക്കുകയാണ്.

തൃശ്ശൂർ ജില്ലയിലെ പെരുവനം എന്ന ഗ്രാമത്തിന്റെ പച്ചപ്പിൽ ജനിച്ച്, കുട്ടിക്കാലത്ത് തന്നെ മുത്തശ്ശനോടൊപ്പം പറമ്പിലിറങ്ങി കൃഷി ചെയ്ത ഓർമ്മകളാണ് അഭിലാഷിന്റെ മനസ്സിലെ ഹരിതസ്വപ്നങ്ങൾക്ക് വിത്തുപാകിയത്. 2013-ൽ ജോലി ആവശ്യത്തിനായി മുംബൈയിലെ യന്ത്രസമാനമായ ജീവിതത്തിലേക്ക് മാറിയെങ്കിലും, മണ്ണും കൃഷിയോടുള്ള അടങ്ങാത്ത ആഗ്രഹവും അഭിലാഷ് കൈവിട്ടില്ല. ആ ഒരു വലിയ താല്പര്യമാണ് പിന്നീട് ബദ്‌ലാപ്പൂരിൽ ഒരേക്കർ സ്ഥലം സ്വന്തമാക്കുന്നതിലേക്ക് നയിച്ചത്.

പ്രതിസന്ധികളെ വെല്ലാൻ തണലായ അമ്മയുടെ സ്നേഹം
വിലകൂടിയ മുംബൈ മണ്ണിൽ സ്ഥലം വാങ്ങുക എന്നത് സാമ്പത്തികമായി വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ മകന്റെ മനസ്സിലെ ഹരിതസ്വപ്നങ്ങൾക്ക് നിറം പകരാൻ, സാമ്പത്തികമായി കൂടെനിന്ന് താങ്ങായ അമ്മ പ്രഭാവതി രാജന്റെ വലിയ പിന്തുണയായിരുന്നു അഭിലാഷിന്റെ ഏറ്റവും വലിയ കരുത്ത്. അമ്മയുടെ ആ തണലും പ്രോത്സാഹനവുമാണ് പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാൻ അഭിലാഷിന് ധൈര്യം നൽകിയത്.

കൃത്യം കോവിഡ് മഹാമാരി ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് അഭിലാഷ് ഈ സ്ഥലം വാങ്ങുന്നത്. കല്ലും കാടും നിറഞ്ഞ, തികച്ചും ഒരു ചതുപ്പ് നിലമായിരുന്നു അത്. എന്നാൽ ലോക്ഡൗൺ കാലത്തെ ഒഴിവുസമയങ്ങൾ അഭിലാഷ് ഇതിനായി പൂർണ്ണമായി വിനിയോഗിച്ചു. മറുനാട്ടിൽ ഒരു സംരംഭം തുടങ്ങുമ്പോൾ പ്രാദേശികമായി നേരിട്ട ചില നിസ്സഹകരണങ്ങളും ഭീഷണികളും തുടക്കത്തിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും, പ്രാദേശിക എം.എൽ.എ കിഷൻ കത്തോരെയുമായുള്ള (Kisan Kathore) സൗഹൃദം ഈ പ്രതിസദ്ധികളെല്ലാം എളുപ്പത്തിൽ മറികടക്കാൻ സഹായിച്ചു. ലോക്ഡൗൺ കാലത്ത് ചുറ്റുമതിൽ കെട്ടി, കുഴൽക്കിണർ നിർമ്മിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ‘കോമ്പാത്ത് എസ്റ്റേറ്റ്’ രൂപപ്പെടാൻ തുടങ്ങി.

കേരങ്ങളുടെ നാട്ടിൽ നിന്നുള്ള ഒരു മലയാളിക്ക് തെങ്ങില്ലാതെ എന്ത് കൃഷി!”സ്വന്തം കൃഷിയിടത്തിലേക്ക് ആദ്യം തന്നെ മുപ്പതോളം തെങ്ങിൻ തൈകൾ നട്ടുകൊണ്ടാണ് അഭിലാഷ് തുടക്കം കുറിച്ചത്.

വിളവെടുപ്പിന് പാകമായ ‘കോമ്പാത്ത് എസ്റ്റേറ്റ്’
അഞ്ച് വർഷത്തെ സ്നേഹത്തോടെയുള്ള പരിചരണത്തിനൊടുവിൽ കോമ്പാത്ത് എസ്റ്റേറ്റ് ഇന്ന് പൂർണ്ണമായും വിളവെടുപ്പിന് പാകമായി നിൽക്കുകയാണ്. തെങ്ങുകൾക്ക് പുറമെ മാവ്, പേരയ്ക്ക, നാരങ്ങ, വാഴ, വിവിധയിനം ഇടവിളകൾ, പച്ചക്കറികൾ എന്നിവയെല്ലാം ഈ തോട്ടത്തിൽ തഴച്ചുവളരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം തോട്ടത്തിലെ പ്ലാവിൽ ചക്കയും കായ്ച്ചതോടെ അഭിലാഷിന്റെ സന്തോഷത്തിന് അതിരുകളില്ലാതായി.

തോട്ടത്തിന്റെ മുഴുവൻ സമയ പരിപാലനത്തിനായി ഒരു തൊഴിലാളിയെ ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃത്യമായ പരിചരണമാണ് തോട്ടത്തിന്റെ ഇന്നത്തെ ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന രഹസ്യം. നിലവിൽ വിപണി ലക്ഷ്യം വെച്ചല്ല ഇവിടെ കൃഷി ചെയ്യുന്നത്; സ്വന്തം ആവശ്യങ്ങൾക്കും സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമായി ഈ നാടൻ വിഷരഹിത ഉൽപ്പന്നങ്ങൾ പങ്കുവെക്കുകയാണ് പതിവ്.

മറ്റുള്ളവർക്ക് വഴികാട്ടിയായ മാതൃക
വെറുമൊരു കൃഷിക്കാരൻ എന്നതിലുപരി, ചുറ്റുമുള്ളവർക്ക് വലിയൊരു പ്രചോദനമാണ് ഈ യുവാവ്. അഭിലാഷിന്റെ കൃഷി കണ്ട് പ്രചോദനം ഉൾക്കൊണ്ട്, ബദ്‌ലാപ്പൂരിൽ മുൻപ് സ്ഥലം വാങ്ങി വെറുമൊരു ‘ഇൻവെസ്റ്റ്‌മെന്റ്’ മാത്രമായി ഇട്ടിരുന്ന പലരും ഇന്ന് തങ്ങളുടെ ഭൂമി കൃഷിയോഗ്യമാക്കി മാറ്റിയിരിക്കുന്നു. ഇതൊരു വലിയ അംഗീകാരമായി അഭിലാഷ് കാണുന്നു. നിലവിൽ ഒരു അഗ്രോ-ടൂറിസം പദ്ധതി മനസ്സിലില്ലെങ്കിലും, കൂടുതൽ ആളുകളെ കൃഷിയിലേക്ക് ആകർഷിക്കാനും ഇതിന്റെ പ്രാധാന്യം അടുത്ത തലമുറയ്ക്ക് പകർന്നു നൽകാനും അഭിലാഷ് ആഗ്രഹിക്കുന്നു.

തിരക്കുകൾക്കിടയിലെ ടൈം മാനേജ്‌മെന്റ്
ഒരു റെയിൽവേ ജീവനക്കാരൻ എന്ന നിലയിൽ ഉത്തരവാദിത്തമേറിയ ജോലി തിരക്കുകൾക്കിടയിലും ഈ വലിയ കൃഷിയിടം പരിപാലിക്കാൻ അഭിലാഷിന് സാധിക്കുന്നത് കൃത്യമായ ടൈം മാനേജ്‌മെന്റ് കൊണ്ടാണ്. മിക്ക വാരാന്ത്യങ്ങളും (Weekends) കുടുംബത്തോടൊപ്പം ഈ തോട്ടത്തിലാണ് അഭിലാഷ് ചെലവഴിക്കുന്നത്. അമ്മ പ്രഭാവതി രാജൻ, ഭാര്യ ഡോ. മേഘ, മകൾ പാർവ്വതി അഭിലാഷ് എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് തന്റെ ഈ വിജയത്തിന് പിന്നിലെന്ന് അഭിലാഷ് കൃതജ്ഞതയോടെ ഓർക്കുന്നു.

പ്രവാസത്തിന്റെ യന്ത്രസമാനമായ തിരക്കുകൾക്കിടയിലും മണ്ണിലേക്ക് ഇറങ്ങാൻ മനസ്സ് കാണിച്ചാൽ ഏത് മറുനാട്ടിലും സ്വന്തം കയ്യൊപ്പ് ചാർത്താമെന്ന് അഭിലാഷ് രാജൻ തന്റെ ഈ വിജയഗാഥയിലൂടെ തെളിയിക്കുന്നു. കോൺക്രീറ്റ് കാടുകൾക്കിടയിൽ ശ്വാസം മുട്ടുന്ന പ്രവാസി മലയാളിക്ക് കൺകുളിർക്കെ കാണാൻ ഒരു ഹരിത സാമ്രാജ്യം പടുത്തുയർത്തിയ ഈ തൃശ്ശൂർക്കാരൻ തീർച്ചയായും ഒരു ഹീറോ തന്നെയാണ്.

