മഴയോർമ്മകളുടെ കുളിരുമായി ഡോംബിവ്‌ലി കേരളീയ സമാജം; ജൂലൈ 12-ന് സാഹിത്യസായാഹ്നം ‘മഴമൊഴികൾ’

by WhatsUp Mumbai

മുംബൈ: മഴയോർമ്മകളുടെ കുളിരും കവിതകളുടെ ഈണവുമായി ഡോംബിവ്‌ലി കേരളീയ സമാജം (Regd.) ജൂലൈ മാസത്തിലെ സാഹിത്യസായാഹ്നം ഒരുക്കുന്നു. “മഴമൊഴികൾ” എന്ന മനോഹരമായ പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ സാംസ്കാരിക കൂട്ടായ്മ ജൂലൈ 12 ഞായറാഴ്ച വൈകിട്ട് 4:30-ന് ഡോംബിവ്‌ലി ഈസ്റ്റിലുള്ള പാണ്ഡുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിലെ ഏഴാം നിലയിലുള്ള എ.സി. ഹാളിൽ വെച്ച് നടക്കും.

ബാല്യവും കൗമാരവും യൗവനവും നനച്ചുണർത്തുന്ന മഴയോർമ്മകളും, മറക്കാനാവാത്ത നൊമ്പരങ്ങളും, മഴക്കവിതകളും പങ്കുവെക്കാനും വാക്കുകളുടെ ചാറ്റൽമഴയിൽ ഒരുമിച്ച് നനയാനുമുള്ള വേദിയായാണ് സാഹിത്യസായാഹ്നം വിഭാവനം ചെയ്തിരിക്കുന്നത്. കേരളീയ സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരി ലിജി ആർ. നമ്പ്യാർ ടീച്ചർ മുഖ്യാതിഥിയും നിരീക്ഷകയുമായി പങ്കെടുക്കും.

ആർട്ട്സ് & കൾച്ചർ സെക്രട്ടറി ഇൻ-ചാർജ്ജും ട്രഷററുമായ മനോജ് കുമാർ, സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 7715057407, 9987776176 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You may also like