മുംബൈ: കനത്ത മൺസൂൺ മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന മുംബൈയിൽ എലിപ്പനിയും (Leptospirosis) ജലജന്യ രോഗങ്ങളും പടരാൻ സാധ്യതയേറുന്നതായി ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണമെന്നും അപെക്സ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ വിദഗ്ദ്ധർ നിർദ്ദേശിച്ചു. കൃത്യമായ സമയത്ത് നൽകുന്ന ചികിത്സയ്ക്ക് മാത്രമേ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.
എലി ഉൾപ്പെടെയുള്ള ജീവികളുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയാണ് എലിപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022-ൽ 286 കേസുകളും, 2023-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ തന്നെ 335-ലധികം കേസുകളും, 2024-ന്റെ ആദ്യ പകുതിയിൽ 140ഓളം എലിപ്പനി കേസുകളും മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഗ്യാസ്ട്രോഎൻട്രൈറ്റിസ്, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ ജലജന്യ രോഗങ്ങളുടെ ഭീഷണിയും നഗരത്തിലുണ്ട്.
സാധാരണ പനി പോലെ തോന്നിക്കുന്ന ലക്ഷണങ്ങളോടെയാണ് എലിപ്പനിയുടെ തുടക്കമെന്ന് അപെക്സ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ മെഡിക്കൽ വിദഗ്ദ്ധനായ ഡോ. കരൺ തക്കർ വ്യക്തമാക്കുന്നു. കടുത്ത പനി, ശക്തമായ ശരീരവേദന, തലവേദന, കുളിര്, ഛർദ്ദി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. തുടക്കത്തിൽ ചികിത്സിച്ചില്ലെങ്കിൽ ഈ അണുബാധ അതിവേഗം കരൾ, വൃക്ക, ശ്വാസകോശം, തലച്ചോറ് എന്നിവയെ ബാധിച്ച് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ തകിടം മറിക്കും. ഇത് ആന്തരിക രക്തസ്രാവത്തിനും മരണത്തിനും വരെ കാരണമായേക്കാം.
വെള്ളക്കെട്ടുകളിലൂടെ നടക്കുന്നവർ, ശുചീകരണ തൊഴിലാളികൾ, ഡെലിവറി ജീവനക്കാർ എന്നിവർ പ്രത്യേകിച്ചും ജാഗ്രത പുലർത്തണം. രോഗം ബാധിച്ച് ആദ്യത്തെ 24 മുതൽ 72 മണിക്കൂറിനുള്ളിൽ തന്നെ കൃത്യമായ രോഗനിർണ്ണയം നടത്തി ആന്റിബയോട്ടിക് ചികിത്സ ലഭ്യമാക്കിയാൽ മാരകമായ സങ്കീർണ്ണതകൾ ഒഴിവാക്കാമെന്ന് ഡോ. കരൺ തക്കർ കൂട്ടിച്ചേർത്തു. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ ഇറങ്ങുന്നത് ഒഴിവാക്കുക, സുരക്ഷിതമായ പാദരക്ഷകൾ ധരിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, സ്വയംചികിത്സ ഒഴിവാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ.