വരവായ് വർഷം… നഗരം നനയുമ്പോൾ

രേഖാ ഷാജി

by admin

“ആകാശം കരയുമ്പോൾ
ഭൂമി പുഞ്ചിരിക്കും…
ആ പുഞ്ചിരിയുടെ പേരാണ് മഴ.”

മഹാനഗരമായ മുംബൈയ്ക്ക് മഴ ഒരു ഋതുവല്ല; അത് നഗരത്തിന്റെ ഹൃദയമിടിപ്പാണ്. വേനലിന്റെ കാഠിന്യത്തിൽ വെന്തുരുകിയ കോൺക്രീറ്റ് കെട്ടിടങ്ങൾക്കും തിരക്കുകൾക്കും പൊടിപിടിച്ച സ്വപ്നങ്ങൾക്കും ജീവന്റെ ആദ്യചുംബനം നൽകുന്ന അനുഗ്രഹമാണ് മഴ.

ഇക്കുറി മഴ പതിവിലും ഏറെ വൈകിയെത്തി. ചുട്ടുപൊള്ളുന്ന സൂര്യനു കീഴിൽ നഗരം മുഴുവൻ ഒരേയൊരു പ്രാർത്ഥനയിലായിരുന്നു—”ഒരിറ്റ് മഴ…”

ഒടുവിൽ, ആകാശം തന്റെ മൗനം ഭേദിച്ചു.

ആദ്യ മഴത്തുള്ളി ഭൂമിയുടെ നെറുകയെ ചുംബിച്ചു. പിന്നെ ആയിരം വെള്ളിമുത്തുകൾ പോലെ മഴത്തുള്ളികൾ നഗരത്തിന്റെ നെഞ്ചിലേക്ക് ചിതറിവീണു. നനഞ്ഞ മണ്ണിന്റെ മണം കാറ്റിൽ ലയിച്ചു. മരങ്ങൾ പച്ചപ്പിന്റെ പുതുവസ്ത്രം ധരിച്ചു. മഴയുടെ ആദ്യസ്പർശത്തിൽ നഗരം ദീർഘനിശ്വാസമെടുത്തതുപോലെ തോന്നി.

“മഴ…
മണ്ണിന്റെ സംഗീതം,
മനസ്സിന്റെ ഭാഷ,
പ്രകൃതിയുടെ നിശ്ശബ്ദ കവിത.”

എന്നാൽ മഴയ്ക്ക് എന്നും ഒരേയൊരു മുഖമല്ല.

മൃദുലമായി തലോടിയ മഴ നിമിഷങ്ങൾക്കകം സംഹാരഭാവം പൂണ്ടു. ആർത്തലച്ചെത്തിയ മഴ റോഡുകളെ നദികളാക്കി. ഗതാഗതം സ്തംഭിച്ചു. ലോക്കൽ ട്രെയിനുകളുടെ ചക്രങ്ങൾ പോലും മഴയുടെ താളത്തിനുമുന്നിൽ പതറി. ഒരു നിമിഷംകൊണ്ട് മനുഷ്യന്റെ എല്ലാ പദ്ധതികളും പ്രകൃതിയുടെ തീരുമാനങ്ങൾക്ക് മുന്നിൽ നിസ്സാരമായി.

ഓരോ മഴക്കാലവും മുംബൈയെ ഒരു പാഠം പഠിപ്പിക്കുന്നു. വെള്ളക്കെട്ടുകൾ, മണ്ണിടിച്ചിലുകൾ, തകർന്നുവീഴുന്ന മതിലുകൾ, തുറന്നുകിടക്കുന്ന മാൻഹോളുകൾ, ജീവഹാനികൾ… മഴ ചിലപ്പോൾ ജീവന്റെ ആഘോഷമാണെങ്കിൽ, ചിലപ്പോൾ കണ്ണീരിന്റെ ചരിത്രവുമാണ്.

എന്നിട്ടും മഴയെ സ്നേഹിക്കുന്നത് മുംബൈക്കാർ നിർത്താറില്ല.

വഴിയോരക്കടകളിൽ നിന്നുയരുന്ന ചൂടൻ വടാപാവിന്റെ മണം, എണ്ണയിൽ നിന്ന് പൊങ്ങുന്ന ബജിയുടെ സ്വാദ്, സേവ് പൂരിയുടെയും പാനിപൂരിയുടെയും രുചി—മഴയെ ഒരു ഉത്സവമാക്കി മാറ്റുന്ന അപൂർവ നഗരമാണ് മുംബൈ. കൈയിൽ ഒരു ചൂടൻ ചായയും മുന്നിൽ താളമിട്ട് പെയ്യുന്ന മഴയും… ജീവിതം അപ്പോൾ എത്ര ലളിതവും എത്ര സുന്ദരവുമാകുന്നു!

“ഒരു കുട…
രണ്ട് ഹൃദയങ്ങൾ…
ഇടയിൽ മഴ മാത്രം.
അത്ര മതി,
ഒരു ജീവിതം മുഴുവൻ ഓർക്കാൻ.”

പക്ഷേ, ഒരേ മഴ എല്ലാവരെയും ഒരുപോലെ സ്പർശിക്കില്ല.

ബാൽക്കണിയിൽ ഇരുന്നു മഴയെ ആസ്വദിക്കുന്നവരുടെ കണ്ണുകളിൽ അത് പ്രണയമാണ്. എന്നാൽ പ്ലാസ്റ്റിക് ഷീറ്റുകൾക്കടിയിൽ നനഞ്ഞുറങ്ങുന്നവരുടെ കണ്ണുകളിൽ അതേ മഴ നാളെയെക്കുറിച്ചുള്ള ആശങ്കയാണ്. ജനൽച്ചില്ലിൽ മഴയെ കവിതയാക്കുന്നവരും, മഴയിൽ നനഞ്ഞ വസ്ത്രങ്ങൾ ഉണങ്ങുമോ എന്ന് കാത്തിരിക്കുന്നവരും ഒരേ നഗരത്തിലാണ് ജീവിക്കുന്നത്.

അതാണ് മഹാനഗരത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യം.

“മഴയ്ക്ക് നിറമില്ല…
പക്ഷേ, ഓരോ മനുഷ്യനും
അവന്റെ ജീവിതത്തിന്റെ നിറം ചേർത്താണ്
മഴയെ കാണുന്നത്.”

പ്രകൃതിയുടെ കണ്ണുനീരാണ് മഴ. ആ കണ്ണുനീരിന് രണ്ട് ഭാവങ്ങളുണ്ട്—സന്തോഷവും ദുഃഖവും. ചില മഴകൾ പ്രണയത്തിന്റെ ഈണമാണ്. ചില മഴകൾ വിശപ്പിന്റെ നിലവിളിയാണ്. ചില മഴകൾ ഓർമ്മകളെ നനയ്ക്കും; ചില മഴകൾ ജീവിതത്തെ തന്നെ ഒഴുക്കിക്കൊണ്ടുപോകും.

എന്നിട്ടും…

മഴയെ സ്നേഹിക്കുന്നു.

കാരണം, മഴ പെയ്യുമ്പോൾ മനുഷ്യന്റെ ഉള്ളിലെ പൊടിപിടിച്ച വികാരങ്ങൾ പോലും കഴുകിത്തെളിയും. മഴത്തുള്ളികൾ ജനൽച്ചില്ലിൽ തട്ടുമ്പോൾ ഉറങ്ങിക്കിടന്ന ഓർമ്മകൾ ഉണരും. നനഞ്ഞ മണ്ണിന്റെ മണം ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഓരോ മഴയും ജീവിതം വീണ്ടും തുടങ്ങാമെന്ന പ്രതീക്ഷ മനസ്സിൽ വിതയ്ക്കും.

” എത്ര കഠിനമായ വേനലായാലും,
ഒരു മഴക്കാലം നമ്മെ തേടിയെത്തും.”

അതാണ് മുംബൈയുടെ മഴ.

അത് വെറും വെള്ളത്തുള്ളികളല്ല…

പ്രതീക്ഷയുടെ ഭാഷയാണ്.
അതിജീവനത്തിന്റെ പാഠമാണ്.പ്രണയ ത്തിന്റെ കുളിരോർമ്മ യാണ്.


(മുംബൈയിലെ മലയാളീ സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യവും, വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ വായനക്കാർക്ക് സുപരിചിതയുമായ എഴുത്തുകാരിയാണ് രേഖാ ഷാജി)

You may also like