മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായ ഭൂചലനങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കൂറിനിടെ നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. ഇതിൽ ഏറ്റവും ശക്തമായ ചലനം റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി.
പുലർച്ചെ 1.37-നാണ് 4.6 തീവ്രതയുള്ള ആദ്യ ഭൂചലനം അനുഭവപ്പെടുന്നത്. തുടർന്ന് 2.15-ന് (തീവ്രത 3.6), 2.17-ന് (തീവ്രത 3.9), ഒടുവിൽ 3.23-ന് (തീവ്രത 4.1) എന്നിങ്ങനെ തുടർച്ചയായി ഭൂമി കുലുങ്ങുകയായിരുന്നു. ഹിംഗോലിയിൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഇവയുടെയെല്ലാം പ്രഭവകേന്ദ്രം എന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു.
ഹിംഗോലിക്ക് പുറമെ അയൽ ജില്ലകളായ പർഭാനി, നന്ദേഡ്, ലാത്തൂർ എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനമുണ്ടായി. ഉറക്കത്തിലായിരുന്ന ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ആളുകൾ ഭയന്നോടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷം ജൂലൈ 2-നും (തീവ്രത 3.6, 3.5), ഏപ്രിൽ 11-നും (തീവ്രത 4.7) ഇവിടെ ഭൂചലനങ്ങൾ ഉണ്ടായിരുന്നു. നിലവിൽ എവിടെയും നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.