മുംബൈയ്ക്ക് പ്രളയമുക്തി; 13,000 കോടിയുടെ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

by WhatsUp Mumbai

മുംബൈ: കനത്ത മഴയിലും വേലിയേറ്റത്തിലും മുങ്ങുന്ന മുംബൈ നഗരത്തെ പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ 13,000 കോടി രൂപയുടെ ബൃഹത്തായ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പദ്ധതി കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ബുധനാഴ്ച നിയമസഭയിൽ വ്യക്തമാക്കി. ഇതോടെ നഗരത്തിലെ 370 പ്രളയബാധിത കേന്ദ്രങ്ങളിലെ (ഹോട്ട്‌സ്‌പോട്ടുകൾ) വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. ജൂലൈയിൽ പെയ്യേണ്ട മഴയുടെ 90 ശതമാനവും ഇത്തവണ കേവലം നാല് ദിവസം കൊണ്ടാണ് മുംബൈയിൽ പെയ്തുതീർത്തത്.

മഴക്കാലത്തെ അപകടങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളും മുഖ്യമന്ത്രി സഭയിൽ പങ്കുവെച്ചു. നഗരത്തിൽ ഓരോ വർഷവും ശരാശരി 5 പേർ മരം വീണും, 3 പേർ മണ്ണിടിച്ചിലിലും, 13 പേർ കെട്ടിടങ്ങൾ തകർന്നും മരണപ്പെടുന്നുണ്ട്. തുറന്നുകിടക്കുന്ന മാൻഹോളുകളിൽ വീണ് ഇതുവരെ 7 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ പഴയ മരങ്ങളുടെ വേരുകളുടെ ശേഷി ശാസ്ത്രീയമായി പരിശോധിച്ച് ശക്തമാക്കാൻ ബിഎംസിക്ക് (BMC) നിർദ്ദേശം നൽകിയിട്ടുണ്ട്.

മുംബൈയിലെ കുടിവെള്ള പ്രതിസന്ധി 2030ഓടെ പൂർണ്ണമായും അവസാനിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നഗരത്തിൽ നിലവിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിന്റെ ദൗർലഭ്യമുണ്ട്. ഇത് പരിഹരിക്കാനുള്ള ‘ഗാർഗായ് പദ്ധതി’ 2029 മേയ്ക്കുള്ളിൽ പൂർത്തിയാക്കും. ഇതോടെ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളം അധികമായി ലഭിക്കും. ഇതിന് പുറമെ മനോരി, വെർസോവ എന്നിവിടങ്ങളിൽ സмуദ്രജലം ശുദ്ധീകരിക്കുന്ന പ്ലാന്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

You may also like