മുംബൈ: മഴക്കാലത്ത് കനത്ത വെള്ളപ്പൊക്കത്തിൽ അകപ്പെടുന്ന മുംബൈ നഗരത്തിൽ എവിടെയൊക്കെ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഒന്നര മണിക്കൂർ (90 മിനിറ്റ്) മുൻപ് പ്രവചിക്കാനാകുന്ന അത്യാധുനിക എഐ അധിഷ്ഠിത പ്രളയ മുന്നറിയിപ്പ് സംവിധാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ബോംബെയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു. ഐഐറ്റി ബോംബെയുടെ ‘ഇന്റർഡിസിപ്ലിനറി പ്രോഗ്രാം ഇൻ ക്ലൈമറ്റ് സ്റ്റഡീസ്’ വിഭാഗം ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷനുമായി (BMC) സഹകരിച്ചാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തത്സമയ വെതർ റഡാർ വിവരങ്ങൾ, ഉപഗ്രഹ നിരീക്ഷണങ്ങൾ, മുംബൈയിലുടനീളമുള്ള അറുപതിലധികം ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. എഐ, മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ സംവിധാനം ഓരോ 15 മിനിറ്റിലും പുതിയ വിവരങ്ങൾ പുതുക്കിക്കൊണ്ടിരിക്കും. ദുരന്തനിവാരണ സേനയെയും രക്ഷാപ്രവർത്തകരെയും കൂടുതൽ കാര്യക്ഷമമായി വിന്യസിക്കാൻ ഇത് തദ്ദേശ ഭരണകൂടത്തെ സഹായിക്കും.
പൊതുജനങ്ങൾക്ക് ‘മുംബൈ ഫ്ലഡ്’ (Mumbai Flood) വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും പ്രളയസാധ്യതയും തത്സമയ മഴയുടെ അളവും വിരൽത്തുമ്പിൽ അറിയാനാകും. തങ്ങളുടെ പ്രദേശങ്ങളിലെ വെള്ളക്കെട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ഈ ആപ്പിലൂടെ നേരിട്ട് റിപ്പോർട്ട് ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. ഈ എഐ പ്ലാറ്റ്‌ഫോം മൺസൂൺ കാലത്ത് മുംബൈയുടെ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.