3000 ഗ്യാസ് സിലിണ്ടറുകൾ പ്രളയജലത്തിൽ ഒഴുകിനടക്കുന്നു! റായ്ഗഡിനെ ഞെട്ടിച്ച എച്ച്പിസിഎൽ പ്ലാന്റ് ദുരന്തം; ജാഗ്രതയോടെ അധികൃതർ

by WhatsUp Mumbai

റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ കനത്ത പ്രളയത്തിൽ എച്ച്പിസിഎൽ (HPCL) പ്ലാന്റിൽ നിന്നും മുവ്വായിരത്തോളം പാചകവാതക സിലിണ്ടറുകൾ ഒലിച്ചുപോയി. റായ്ഗഡിലെ പൻവേൽ താലൂക്കിലുള്ള പാതാളഗംഗ എൽപിജി ബോട്ട്‌ലിങ് പ്ലാന്റിലാണ് സംഭവം. അതിശക്തമായ മഴയെത്തുടർന്ന് പ്ലാന്റിലേക്ക് വെള്ളം ഇരച്ചുകയറിയതോടെയാണ് നിറഞ്ഞതും ഒഴിഞ്ഞതുമായ സിലിണ്ടറുകൾ പാതാളഗംഗ നദിയിലേക്ക് ഒഴുക്കിൽപ്പെട്ടത്. നദിയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിപ്പോകുന്ന ദൃശ്യങ്ങൾ പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് നദീതീരത്തുള്ള പൊതുജനങ്ങൾക്കും ഗ്രാമവാസികൾക്കും റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവലെ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. നദിയിലോ തീരങ്ങളിലോ അടിഞ്ഞുകൂടുന്ന സിലിണ്ടറുകളിൽ ആരും ഒരു കാരണവശാലും തൊടുകയോ വീട്ടിലേക്ക് കൊണ്ടുപോകാനോ ശ്രമിക്കരുതെന്ന് കളക്ടർ കർശനമായി മുന്നറിയിപ്പ് നൽകി. ഒഴുക്കിൽപ്പെട്ട സിലിണ്ടറുകൾ സുരക്ഷിതമായ അവസ്ഥയിലാണോ എന്ന് ഉറപ്പില്ലാത്തതിനാൽ ഇവ കൈകാര്യം ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. സിലിണ്ടറുകൾ കണ്ടെത്തുകയാണെങ്കിൽ ഒട്ടും വൈകാതെ തന്നെ വിവരം തദ്ദേശ ഭരണകൂടത്തെയോ എച്ച്പിസിഎൽ അധികൃതരെയോ അറിയിക്കണമെന്നും ഒലിച്ചുപോയവ വീണ്ടെടുക്കാൻ ഊർജ്ജിത ശ്രമം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like