മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ 22 കാരനായ മയങ്ക് ലോഹാർ കുത്തേറ്റു മരിച്ച സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി ബോറിവലി റെയിൽവേ പോലീസ് കണ്ടെടുത്തു. പ്രതിയായ റോഷൻ സുവർണയെ (30) കോടതി ജൂലൈ 6 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂൺ 23-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബോറിവലി വെസ്റ്റിലെ ഒരു ഹോട്ടലിന് സമീപത്തു നിന്നാണ് 12 സെന്റീമീറ്റർ നീളമുള്ള മെറൂൺ ഹാൻഡിലും 17.5 സെന്റീമീറ്റർ ബ്ലേഡുമുള്ള കത്തി കണ്ടെടുത്തത്.
പ്രതി ഉപേക്ഷിച്ച കത്തി വഴിയിൽ കിടന്ന് കിട്ടിയ ‘സുദേവ് റെസ്റ്റോറന്റ്’ ജീവനക്കാരനായ കുന്ദൻ കുമാറും സഹപ്രവർത്തകൻ സാഗറും ഇത് സൂക്ഷിച്ചുവെച്ചിരുന്നു. പിന്നീട് കൊലപാതക വാർത്തകളും റീലുകളും ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ മാനേജരായ ഗിരീഷ് പുത്രനെ വിവരമറിയിക്കുകയും, അദ്ദേഹം പോലീസ് കൺട്രോൾ റൂമിൽ വിളിക്കുകയുമായിരുന്നു.
മീരാ-ഭയന്ദറിലെ ആമസോൺ ഗോഡൗൺ ജീവനക്കാരനും സുഹൃത്തുമായ തുഷാർ സർവൈയ വഴിയാണ് പ്രതി കത്തി സംഘടിപ്പിച്ചത്. കോടതിയിൽ മയങ്കിന്റെ കുടുംബത്തിനായി അഡ്വക്കറ്റ് പ്രിൻസ് ഉപാധ്യായയും പ്രതിക്കായി അഡ്വക്കറ്റ് ജയവന്ത് പാട്ടീലും ഹാജരായി. സീനിയർ പോലീസ് ഇൻസ്പെക്ടർ ദത്ത ഖുപെർക്കർ സ്ഥലംമാറിയതിനെ തുടർന്ന് പുതിയ ഇൻസ്പെക്ടർ പണ്ഡരിനാഥ് കാണ്ഡെ കേസ് അന്വേഷണം ഏറ്റെടുത്തു.