ഫഡ്‌നാവിസിന്റെ ചിറകരിയാൻ ഷിൻഡെയ്ക്ക് ഡൽഹിയിൽ നിന്ന് ക്വട്ടേഷൻ; ഗഡ്കരിയുടെ വിധി വരുമെന്ന് ഉദ്ധവ്

by WhatsUp Mumbai

​മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ഭാവിയിലെ പ്രധാനമന്ത്രി മത്സരത്തിൽ നിന്ന് വെട്ടിനിരത്താൻ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് ശിവസേനയിലെ കൂറുമാറ്റങ്ങൾക്ക് പിന്നിലെന്ന ആരോപണവുമായി ശിവസേന യുബിടി തലവൻ ഉദ്ധവ് താക്കറെ. ‘ഓപ്പറേഷൻ ദേവേന്ദ്ര’ എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഈ നീക്കത്തിന്റെ കരാർ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കാണ് ഡൽഹിയിലെ ബിജെപി നേതൃത്വം നൽകിയിരിക്കുന്നത്. 2029-ന് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് ഫഡ്‌നാവിസ് ഉയർന്നു വരാതിരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടുന്ന നേതൃത്വം അദ്ദേഹത്തിന്റെ ചിറകരിയുകയാണെന്നും, മുൻപ് നിതിൻ ഗഡ്കരിക്ക് സംഭവിച്ചതുപോലെ ഫഡ്‌നാവിസിനെ ഒതുക്കാനാണ് ശ്രമമെന്നും ഷിർദിയിൽ താക്കറെ ആരോപിച്ചു.

​ഈ കൂറുമാറ്റത്തിലൂടെ ഷിൻഡെ വിഭാഗം ബിജെപിയേക്കാൾ ശക്തരാണെന്ന് വരുത്തിതീർക്കാനും ഫഡ്‌നാവിസിനെ ദുർബലപ്പെടുത്താനുമാണ് നോക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാൾ പ്രധാനമന്ത്രിയായാൽ താൻ പിന്തുണയ്ക്കുമെന്നും സ്വന്തം നേതാക്കൾ വെട്ടിനിരത്തപ്പെടുമ്പോൾ ശബ്ദമുയർത്താൻ സാധിക്കാത്തവിധം ആർഎസ്എസ് (RSS) ബിജെപിയുടെ അടിമയായി മാറിയോ എന്നും അദ്ദേഹം ചോദിച്ചു. ഫഡ്‌നാവിസിന്റെ കസേര സുരക്ഷിതമായിരിക്കാൻ ഷിർദി സായിബാബയോട് പ്രാർത്ഥിച്ചതായി പരിഹസിച്ച താക്കറെ, കൂറുമാറിയ എംപി ഭാഹുസാഹേബ് വക്ചൗരെയെ വിമർശിക്കുകയും കർഷകർ കടക്കെണിയിലാകുമ്പോൾ എംപിമാരെ വിലയ്ക്കെടുക്കാൻ ഭരണപക്ഷം പണമൊഴുക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.

You may also like