മഹാരാഷ്ട്രയിൽ ട്രോളിങ് നിരോധനം ആഗസ്റ്റ് 15 വരെ നീട്ടി; സ്വാഗതം ചെയ്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിൽ വർഷകാല ട്രോളിങ് നിരോധന കാലാവധി നീട്ടി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. നിലവിലുണ്ടായിരുന്ന 61 ദിവസത്തെ നിരോധനമാണ് 75 ദിവസമാക്കി വർധിപ്പിച്ചത്. ഇതനുസരിച്ച് ആഗസ്റ്റ് 15 വരെ സംസ്ഥാനത്ത് കടൽ മത്സ്യബന്ധനത്തിന് വിലക്കുണ്ടാകും. നിലവിലുള്ള നിയമസഭാ വർഷകാല സമ്മേളനത്തിലാണ് സർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കുന്നതിനും കടൽ സമ്പത്ത് സംരക്ഷിക്കുന്നതിനും ട്രോളിങ് നിരോധനം 61 ദിവസത്തിൽ നിന്നും 91 ദിവസമായി ഉയർത്തണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ആവശ്യപ്പെട്ടു വരികയായിരുന്നു. പൂർണ്ണമായ ആവശ്യം അംഗീകരിച്ചില്ലെങ്കിലും നിരോധന കാലാവധി ആഗസ്റ്റ് 15 വരെ നീട്ടിയ സർക്കാരിന്റെ പുതിയ തീരുമാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹം ഒന്നടങ്കം സ്വാഗതം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനത്തെ ‘അഖിൽ മഹാരാഷ്ട്ര മച്ചിമാർ കൃതി സമിതി’ (ഓൾ മഹാരാഷ്ട്ര ഫിഷർമെൻസ് ആക്ഷൻ കമ്മിറ്റി) അഭിനന്ദിച്ചു. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതേഷ് റാണെയുടെയും സംസ്ഥാന സർക്കാരിന്റെയും സജീവമായ ഇടപെടലുകളിലൂടെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ഈ ന്യായമായ ആവശ്യം യാഥാർത്ഥ്യമായതെന്ന് സമിതി വ്യക്തമാക്കി.

പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമുദ്രോത്പന്ന സമ്പത്തിന്റെ നിലനിൽപ്പിനും ഈ തീരുമാനം ഏറെ സഹായകരമാകുമെന്ന് സമിതി കൂട്ടിച്ചേർത്തു. സുസ്ഥിരമായ മത്സ്യബന്ധനത്തിനും ജലജീവികളുടെ സംരക്ഷണത്തിനും വഴിതുറക്കുന്ന ഈ സുപ്രധാന തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച മഹാരാഷ്ട്ര സർക്കാരിനും ഫിഷറീസ് മന്ത്രി നിതേഷ് റാണെയ്ക്കും അഖിൽ മഹാരാഷ്ട്ര മച്ചിമാർ കൃതി സമിതി പ്രസിഡന്റ് പ്രത്യേക നന്ദി അറിയിച്ചു.

You may also like