209
മുംബൈ: ബാന്ദ്ര-വർളി സീ ലിങ്കിൽനിന്ന് കടലിലേക്ക് ചാടി അമ്പത്തിയൊന്നുകാരനായ മുംബൈ വ്യവസായി ജീവനൊടുക്കി. ഘാട്കോപ്പർ സ്വദേശിയായ ഭദ്രേഷ് ഷാ ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
പാലത്തിൽ കാർ നിർത്തിയ ശേഷം ഭദ്രേഷ് ഷാ കടലിലേക്ക് ചാടുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ബിഎംസി (BMC) അഗ്നിശമന സേനയും മൽസ്യത്തൊഴിലാളികളുടെ സഹായത്തോടെ ഇയാളെ കടലിൽനിന്ന് പുറത്തെടുത്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടബാധ്യതയെത്തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വർളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.