ചേരിയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി ഹിൽ ഗാർഡൻ അയ്യപ്പഭക്തസംഘം; 160-ലേറെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

by admin

താനെ: പ്രതികൂല സാഹചര്യങ്ങളിലും അറിവിന്റെ വെളിച്ചം തേടുന്ന ഒരുപറ്റം നിർധന വിദ്യാർത്ഥികൾക്ക് കരുതലേകി താനെ ഹിൽ ഗാർഡൻ അയ്യപ്പഭക്തസംഘം. താനെയിലെ കപൂർഭാവ്ഡി ചേരിപ്രദേശത്ത് പ്രവർത്തിക്കുന്ന സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂളിലെ 160-ലധികം വരുന്ന അർഹരായ വിദ്യാർത്ഥികൾക്കാണ് സംഘടനയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്തത്. ജൂൺ 25-നായിരുന്നു നന്മനിറഞ്ഞ ഈ കാരുണ്യപ്രവർത്തി സംഘടിപ്പിച്ചത്.

നഗരത്തിലെ അതീവ ദയനീയമായ ചേരിപ്രദേശത്ത്, ഒരു ഓട്ടോറിക്ഷയ്ക്ക് പോലും കടന്നുചെല്ലാൻ സാധിക്കാത്ത വിസ്തൃതി കുറഞ്ഞ വഴികളിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാൽ നൂറ്റാണ്ടിലേറെയായി മലയാളി മാനേജ്മെന്റിന്റെ കീഴിൽ, സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഈ വിദ്യാലയം നിരന്തരം യത്നിച്ചുവരുന്നു. ജൂനിയർ കെ.ജി. മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ അക്ഷരമധുരം നുകരുന്നത്.

തുടർച്ചയായ അഞ്ചാം വർഷമാണ് ഹിൽ ഗാർഡൻ അയ്യപ്പഭക്തസംഘം ഈ സ്കൂളിലെ കുട്ടികൾക്കായി പഠനോപകരണ വിതരണം നടത്തുന്നത്. ദുഷ്കരമായ സാഹചര്യങ്ങളിലും അർഹരായ കുരുന്നുകളിലേക്ക് ഈ സേവനപ്രവർത്തനം കൃത്യമായി എത്തിക്കാൻ കഴിഞ്ഞതിൽ സംഘാംഗങ്ങൾ അതിയായ ചാരിതാർഥ്യം രേഖപ്പെടുത്തി. ചടങ്ങിൽ ഹിൽ ഗാർഡൻ അയ്യപ്പഭക്തസംഘം ഭാരവാഹികളായ ശശികുമാർ നായർ, രമേഷ് ഗോപാൽ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും ചെയ്തു.

You may also like