അതിജീവനത്തിന്റെ ആകാശവിസ്മയം;മഹാരാഷ്ട്രയിലെ മേൽഘട്ടിൽനിന്ന് പറന്നുയർന്ന ‘X67’ ഇന്ത്യൻ കഴുകൻ സഞ്ചരിച്ചത് 3334 കിലോമീറ്റർ!

by WhatsUp Mumbai

​മുംബൈ: വന്യജീവി ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിക്കൊണ്ട്, മനുഷ്യൻ്റെ പരിചരണത്തിൽ വളർന്ന് കാട്ടിലേക്ക് തുറന്നുവിട്ട ‘X67’ എന്ന പെൺ കഴുകൻ കുറിച്ചതു സമാനതകളില്ലാത്ത ആകാശയാത്ര. മഹാരാഷ്ട്രയിലെ മേൽഘട്ടിൽനിന്നു പറന്നുയർന്ന ഈ ഇന്ത്യൻ കഴുകൻ (Long-billed vulture – Gyps indicus) 27 ദിവസം കൊണ്ട് മൂന്ന് സംസ്ഥാനങ്ങളിലായി 3,334 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. ബുധനാഴ്ച ഈ അപൂർവ അതിഥി രാജസ്ഥാനിലെ വിഖ്യാതമായ രൺഥംബോർ കടുവാ സങ്കേതത്തിൽ പറന്നിറങ്ങി. വഴിമധ്യേ മധ്യപ്രദേശിലെ സാത്പുര കടുവാ സങ്കേതവും ചീറ്റകളുടെ പുതിയ താവളമായ കുനോ നാഷണൽ പാർക്കും ഭോപ്പാലും ഈ കഴുകൻ സന്ദർശിച്ചു.

അഞ്ചു വയസ്സുള്ള ഈ പെൺ കഴുകനെ 2026 ജനുവരി 2-നാണ് മേൽഘട്ട് കടുവാ സങ്കേതത്തിലെ അകോട്ട് വൈൽഡ് ലൈഫ് ഡിവിഷനിലുള്ള സോംതാന റേഞ്ചിൽനിന്ന് മറ്റ് 14 കഴുകന്മാർക്കൊപ്പം കാട്ടിലേക്ക് തുറന്നുവിട്ടത്. തുടക്കത്തിൽ ഏകദേശം നാലു മാസത്തോളം ഈ കഴുകൻ തുറന്നുവിട്ട സ്ഥലത്തിന് ചുറ്റും തന്നെയാണ് കഴിഞ്ഞിരുന്നത്. ക്രമേണ വന്യസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട കഴുകൻ, മെയ് 28-നാണ് മേൽഘട്ടിൽനിന്ന് മധ്യ ഇന്ത്യയുടെ ആകാശപ്പരപ്പിലേക്ക് തന്റെ സുദീർഘമായ പ്രയാണം ആരംഭിച്ചതെന്ന് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിലെ (BNHS) മുതിർന്ന ഫീൽഡ് ബയോളജിസ്റ്റായ ഭാസ്കർ ദാസ് വിശദീകരിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ രൺഥംബോറിൽ എത്തിയത്. യാത്രയ്ക്കിടയിൽ സാത്പുര ദേശീയോദ്യാനം, ഭോപ്പാൽ മേഖല, കുനോ ദേശീയോദ്യാനം എന്നിവിടങ്ങളിൽ താൽക്കാലികമായി വിശ്രമിക്കുകയും ചെയ്തു.

കാട്ടിലേക്ക് തുറന്നുവിട്ട ശേഷം മനുഷ്യർ നൽകുന്ന കൃത്രിമമായ ആഹാരങ്ങളൊന്നും കഴിക്കാതെ, പൂർണ്ണമായും സ്വയം ഇരതേടിയാണ് X67 ഈ ദീർഘദൂര യാത്ര അതിജീവിച്ചതെന്ന് BNHS ഡയറക്ടർ കിഷോർ റിഥെ അറിയിച്ചു. മനുഷ്യൻ്റെ സംരക്ഷണത്തിൽ വളർത്തുന്ന കഴുകന്മാർക്ക് പ്രകൃതിയോട് വേഗത്തിൽ പൊരുത്തപ്പെടാനും, സ്വയം ആഹാരം കണ്ടെത്താനും, ദീർഘദൂരം സഞ്ചരിക്കാനുമുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം. വന്യമൃഗങ്ങൾ വേട്ടയാടിയ അവശിഷ്ടങ്ങൾ ധാരാളമായി ലഭിക്കുന്നതിനാലാണ് കഴുകൻ യാത്രാമധ്യേ കടുവാ സങ്കേതങ്ങളും സംരക്ഷിത വനമേഖലകളും തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുറന്നുവിട്ട 15 കഴുകന്മാരുടെയും കാലുകളിൽ നീല നിറത്തിലുള്ള തിരിച്ചറിയൽ നമ്പറുകളുള്ള റിങ്ങുകൾ ഘടിപ്പിച്ചിട്ടുണ്ട്. ‘നീല’ നിറം ഇന്ത്യയിൽ വെച്ചാണ് റിങ് ധരിപ്പിച്ചതെന്ന് സൂചിപ്പിക്കുമ്പോൾ, അതിലെ ‘M’ എന്ന അക്ഷരം മഹാരാഷ്ട്രയിൽ നിന്നാണ് ഇവയെ തുറന്നുവിട്ടതെന്ന് വ്യക്തമാക്കുന്നു. കഴുകന്മാരുടെ ചലനങ്ങളും യാത്രാദൂരവും സുരക്ഷിതത്വവും നിരീക്ഷിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നത് ഇവയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള സോളാർ പവർ ടാഗുകളാണ്. ഡിപൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (Dy.CF) രാഹുൽ തോലിയയുടെ (IFS) മേൽനോട്ടത്തിൽ BNHS ഫീൽഡ് ബയോളജിസ്റ്റുകളായ ഭാസ്കർ ദാസ്, സൂര്യജിത്ത് എന്നിവരാണ് കഴുകന്മാരുടെ സഞ്ചാരം സസൂക്ഷ്മം നിരീക്ഷിക്കുന്നത്. ഇന്ത്യയിലെ കഴുകൻ സംരക്ഷണ പദ്ധതികൾക്ക് വലിയൊരു നാഴികക്കല്ലാവുകയാണ് എക്സ് 67 (X67) ൻ്റെ ഈ ആകാശവിസ്മയം

You may also like