ഓടുന്ന ട്രെയിനിൽ സഹയാത്രികന്റെ ക്രൂരത; മുംബൈയിൽ വാതിൽ തുറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്

by admin

മുംബൈ: പെയ്തിറങ്ങിയ കനത്ത മഴയ്ക്കിടെ മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കത്തിക്കുത്ത്. ട്രെയിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ 22 വയസ്സുകാരന് ഓടുന്ന ട്രെയിനിൽ വെച്ച് കുത്തേറ്റു. ചർച്ച്ഗേറ്റിൽ നിന്ന് നല്ലസോപാരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. അന്ധേരിക്കും ബോറിവലിക്കും ഇടയിൽ വെച്ചായിരുന്നു ആക്രമണം. മയങ്ക് ലോഹാർ എന്ന യുവാവിനാണ് കുത്തേറ്റത്. വയറിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു.

ചർച്ച്ഗേറ്റിൽ നിന്ന് രാത്രി 10.05-ന് പുറപ്പെട്ട ട്രെയിൻ നമ്പർ 90663 ഫാസ്റ്റ് ലോക്കലിന്റെ ഫസ്റ്റ് ക്ലാസ് കോച്ചിലായിരുന്നു മയങ്ക് ലോഹാർ യാത്ര ചെയ്തിരുന്നതെന്ന് വെസ്റ്റേൺ റെയിൽവേ വ്യക്തമാക്കുന്നു. രാത്രി 10.42-ഓടെ ട്രെയിൻ അന്ധേരിയിലെത്തിയപ്പോൾ ഇതേ കമ്പാർട്ടുമെന്റിലേക്ക് അക്രമിയും കയറി. കനത്ത മഴ പെയ്യുന്നതിനിടയിൽ കോച്ചിന്റെ വാതിൽ തുറന്നിടണമോ അതോ അടയ്ക്കണമോ എന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം ആരംഭിക്കുകയായിരുന്നു.തർക്കം മൂർച്ഛിച്ചതോടെ അക്രമി കയ്യിലിരുന്ന മൂർച്ചയേറിയ ആയുധമെടുത്ത് മയങ്കിന്റെ വയറ്റിൽ കുത്തുകയായിരുന്നു.

ബോറിവലിയിൽ അടിയന്തര രക്ഷാപ്രവർത്തനം

രാത്രി 11.04-ന് ട്രെയിൻ ബോറിവലി സ്റ്റേഷന്റെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തുന്നതിന് തൊട്ടുമുൻപ് അക്രമി വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) ഗവൺമെന്റ് റെയിൽവേ പോലീസും (GRP) സംഭവസ്ഥലത്തെത്തി. തുടർന്ന് 11.10-ഓടെ സട്രെച്ചറും മെഡിക്കൽ സംഘവും എത്തിച്ച് 11.12-ന് യുവാവിനെ കോച്ചിൽ നിന്ന് പുറത്തെടുത്തു.

തുടർന്ന് ബോറിവലി സ്റ്റേഷനിലെ എമർജൻസി മെഡിക്കൽ റൂമിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം, വിദഗ്ദ്ധ ചികിത്സയ്ക്കായി രാത്രി 11.42-ഓടെ ആംബുലൻസിൽ കാന്തിവലിയിലെ ശതാബ്ദി ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11.52-ഓടെ ആംബുലൻസ് ആശുപത്രിയിലെത്തി. ആർപിഎഫ്, ജിആർപി ഉദ്യോഗസ്ഥർ യുവാവിനെ ആശുപത്രിയിലേക്ക് അനുഗമിച്ചിരുന്നു.

ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; അന്വേഷണം ഊർജ്ജിതം

സംഭവത്തെത്തുടർന്ന് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജരും (മുംബൈ സെൻട്രൽ) സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണറും പുലർച്ചെ ഒരു മണിയോടെ ബോറിവലി സ്റ്റേഷൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ രാത്രി മുഴുവൻ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയായിരുന്നു.

വിവരമറിഞ്ഞയുടൻ തന്നെ അടിയന്തര സുരക്ഷാ-മെഡിക്കൽ സംവിധാനങ്ങൾ സജ്ജമാക്കിയതായി വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (CPRO) വിനീത് അഭിഷേക് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി (CCTV) ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഒളിവിൽ പോയ പ്രതിക്കായി ഗവൺമെന്റ് റെയിൽവേ പോലീസ് (GRP) അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

You may also like