ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് രാജി. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇത്തവണ ജോർജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല.
ഇനി അദ്ദേഹം ബിജെപിയുടെ സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് സൂചന. കേരളത്തിൽ പ്രവർത്തിക്കാനുള്ള താല്പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ദേശീയ തലത്തിലാണോ കേരളത്തിലാണോ ചുമതലയെന്ന കാര്യം പാർട്ടി വ്യക്തമാക്കിയിട്ടില്ല.
മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ 9-നാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതിയംഗം, കോർ കമ്മിറ്റിയംഗം, പാർട്ടി വക്താവ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഒ. രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും (OSD) സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.