​മുംബൈയ്ക്ക് ആശങ്കവേണ്ട! ആഗസ്റ്റ് 20 വരെ കുടിവെള്ളം സുരക്ഷിതം; വൻ കരുതലുമായി ബിഎംസി

by WhatsUp Mumbai

മുംബൈ :ജലക്ഷാമ ഭീതി
ഉയരുന്നതിനിടെ മുംബൈ നഗരത്തിന് ആശ്വാസവുമായി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC). നഗരത്തിലേക്ക് ജലമെത്തിക്കുന്ന തടാകങ്ങളിൽ വരാനിരിക്കുന്ന ആഗസ്റ്റ് 20 വരെ വിതരണം ചെയ്യാനുള്ള കുടിവെള്ള ശേഖരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ കരുതൽ ശേഖരത്തിൽ നിന്നുള്ള വെള്ളം കൂടി പ്രയോജനപ്പെടുത്തിയാണ് നിലവിൽ നഗരത്തിലെ ജലവിതരണം ഉറപ്പാക്കുന്നത്.

തടാകങ്ങളിലെ ജലനിരപ്പ് 10 ശതമാനത്തിന് താഴേക്ക് പോയതോടെ പ്രതിസന്ധി ഒഴിവാക്കാൻ ജൂലൈ ആദ്യവാരം മുതൽ അധികമായി 10 ശതമാനം കൂടി ജലനിയന്ത്രണം (വാട്ടർ കട്ട്) ഏർപ്പെടുത്താൻ കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. ‘എൽ നിനോ’ പ്രതിഭാസം മൂലം ഒക്ടോബർ, നവംബർ മാസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും ഇത് തടാകങ്ങളിലെ വെള്ളം വൻതോതിൽ ബാഷ്പീകരിച്ചു നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അഡീഷണൽ മുൻസിപ്പൽ കമ്മീഷണർ ബംഗാർ ഓർമ്മിപ്പിച്ചു. 2009-ൽ സമാനമായ രീതിയിൽ വർഷം മുഴുവൻ ജലനിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾക്കൊപ്പം 2027 ആഗസ്റ്റ് വരെയുള്ള ദീർഘകാല റോഡ്മാപ്പ് തയ്യാറാക്കാൻ സർക്കാർ ബിഎംസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജലസംരക്ഷണവും കാര്യക്ഷമമായ വിതരണവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി നടപ്പാക്കുന്നതിനൊപ്പം, നഗരവാസികൾ വെള്ളം അതീവ ജാഗ്രതയോടെയും അച്ചടക്കത്തോടെയും ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

You may also like