സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും കുടിവെള്ളത്തിനായി ജനങ്ങൾ കോടതി കയറേണ്ടി വരുന്നത് കഷ്ടം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി

by WhatsUp Mumbai

മുംബൈ: രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് കോടതികളെ സമീപിക്കേണ്ടി വരുന്നത് കടുത്ത കഷ്ടമാണെന്ന് ബോംബെ ഹൈക്കോടതി. താനെ ഭീവണ്ടിയിലെ കടുത്ത ജലക്ഷാമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എം.എസ്. സോനാക്, കമൽ ഖാത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനും പ്രാദേശിക ഭരണകൂടങ്ങൾക്കും എതിരെ കടുത്ത ഭാഷയിൽ ചാട്ടുലിയെറിഞ്ഞത്. പൗരന്മാർക്ക് കുടിവെള്ളം എത്തിക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

ഭീവണ്ടി നിവാസിയായ കിരൺ ചൗധരി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ഭീവണ്ടി-നിസാംപൂർ സിറ്റി മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ‘സ്റ്റെം’ (STEM) കമ്പനി കൃത്യമായി വെള്ളം വിതരണം ചെയ്യുന്നില്ലെന്നായിരുന്നു ആക്ഷേപം. വൻകിട ബിൽഡർമാർക്ക് സുലഭമായി വെള്ളം നൽകുമ്പോൾ സാധാരണക്കാരെ ദാഹത്തിനിരുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് കമൽ ഖാത്ത നിരീക്ഷിച്ചു. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ആർ.ഡി. സോണി, രാം ഉപാധ്യായ എന്നിവർ ഹാജരായി.

പ്രശ്നത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പ്രദേശത്തെ അനധികൃത വാട്ടർ കണക്ഷനുകൾ അടിയന്തരമായി വിച്ഛേദിക്കാനും വാട്ടർ മീറ്ററുകൾ സ്ഥാപിക്കാനും മുൻസിപ്പൽ കമ്മീഷണറോട് കോടതി കർശനമായി ആവശ്യപ്പെട്ടു. ഒപ്പം, പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിനായുള്ള കൃത്യമായ സമയക്രമവും വിശദമായ ജലവിതരണ പ്ലാനും (Water Supply Plan) എത്രയും വേഗം സമർപ്പിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

You may also like