മുംബൈ: ബംഗാളി സാഹിത്യത്തിലെ അനശ്വര കൃതികളെ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്ത വിവർത്തകയും കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ലീല സർക്കാരിനെ ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ആദരിച്ചു. ഡിറ്റക്ടീവ് ബോംകേഷ് ബക്ഷി ഉൾപ്പെടെ നൂറ്റിപത്തിലധികം ബംഗാളി കൃതികൾ മലയാളത്തിലേക്കും, ഒട്ടേറെ മികച്ച മലയാള കൃതികൾ ബംഗാളിയിലേക്കും വിവർത്തനം ചെയ്ത ലീല സർക്കാരിന്റെ സാഹിത്യ സംഭാവനകളെ മുൻനിർത്തിയായിരുന്നു ചടങ്ങ്. നെരൂൾ സമാജം ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് ബാലകൃഷ്ണൻ നിർവഹിച്ചു. തന്റെ അടുത്ത കുടുംബാംഗത്തെ ആദരിക്കുന്ന ചടങ്ങിൽ സംബന്ധിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന് വെളിയിലാണ് യഥാർത്ഥ കേരളവും സജീവമായ സാംസ്കാരിക പ്രവർത്തനങ്ങളും നിലനിൽക്കുന്നതെന്ന് ചടങ്ങിൽ ‘മലയാള സാഹിത്യത്തിന് പരിഭാഷയിലൂടെ സംഭാവന’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത എഴുത്തുകാരൻ എസ്. ഹരീഷ് പറഞ്ഞു. ഭാഷകളെയും സംസ്കാരങ്ങളെയും പരസ്പരം കൈമാറുന്ന വിവർത്തനം ലോകചരിത്രത്തെയും മനുഷ്യജീവിതത്തെയും മാറ്റിമറിച്ച വലിയൊരു സാംസ്കാരിക പ്രവർത്തനമാണ്. ബി.സി 196-ൽ ഈജിപ്തിൽ ഒരേ വിഷയം നാല് ഭാഷകളിൽ കൊത്തിവെച്ച രേഖ മുതൽ, ലോകോത്തര ഭാഷകളുടെ വളർച്ചയ്ക്കും യൂറോപ്യൻ നവോത്ഥാനത്തിനും ശാസ്ത്രപുരോഗതിക്കും കാരണമായത് വിവിധ കാലഘട്ടങ്ങളിൽ നടന്ന ബൈബിൾ, അറബി പരിഭാഷകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ സംസ്കാരങ്ങൾക്കുമായി വാതിൽ തുറന്നിട്ട മലയാളത്തിലാകാം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരിഭാഷകൾ നടന്നിട്ടുള്ളത്. അന്ന് ഗദ്യഭാഷയില്ലാത്ത കാലത്ത് പദ്യത്തെ ഗദ്യത്തിലേക്ക് വഴിമാറ്റിയ ബെഞ്ചമിൻ ബെയ്ലി, എഴുത്തച്ഛനെപ്പോലെ മലയാള ഭാഷയുടെ പിതാവായി അംഗീകരിക്കേണ്ട വ്യക്തിത്വമാണ്. മലയാള വിവർത്തന ശാഖയിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു വിക്ടർ യൂഗോവിന്റെ ‘പാവങ്ങൾ’. നാലപ്പാട്ട് തർജ്ജമ ചെയ്ത ഈ പുസ്തകം അച്ചടിക്കാൻ വള്ളത്തോൾ തന്റെ കവിതകൾ പണയം വെച്ചാണ് പണം കണ്ടെത്തിയത്. ഇരുവരും ചേർന്ന് ജനങ്ങളിലെത്തിച്ച ഈ കൃതി മലയാള ഭാഷയെത്തന്നെ മാറ്റിമറിച്ചു. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ‘ചുവപ്പുനാട’, ‘വായിൽ വെള്ളിക്കരണ്ടിയുമായി’ തുടങ്ങിയ പ്രയോഗങ്ങൾ ഈ പരിഭാഷയിലൂടെ ഭാഷയ്ക്ക് ലഭിച്ചതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ടോൾസ്റ്റോയ്, ദസ്തയേവ്സ്കി, മാക്സിം ഗോർക്കി എന്നിവരുടെ റഷ്യൻ കൃതികളും, മാർക്വേസിന്റെ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്ന നോവലും മലയാള എഴുത്തുകാരെയും അവരുടെ പ്രമുഖ കൃതികളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. കെ. രവിവർമ്മ, സത്യാർത്ഥി, ലീലാ സർക്കാർ തുടങ്ങിയവർ ബംഗാളിയിൽ നിന്ന് നടത്തിയ പരിഭാഷകൾ വായിച്ചാണ് താനുൾപ്പെടെയുള്ള എഴുത്തുകാർ വളർന്നുവന്നതെന്ന് പ്രമുഖ നോവലിസ്റ്റ് ഓർമ്മിച്ചു. ഈ വിവർത്തനങ്ങൾ പുതിയ തലമുറയുടെ എഴുത്തിന് വലിയ ശക്തിയാണ് പകർന്നത്. തന്റെ ‘പട്ടുനൂൽപുഴു’ എന്ന നോവലിലും ഈ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചരിത്രത്തിന്റെ ഭാഗമായ ലീലാ സർക്കാരിനെപ്പോലുള്ളവരെ ആദരിക്കുന്നത് സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വലിയ മാറ്റേകുന്നുവെന്നും കൂട്ടിച്ചേർത്തു.

ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും താൻ ജീവിക്കുന്ന മണ്ണിൽ ആദ്യമായാണ് ഒരു മലയാളി സമാജം തന്നെ ആദരിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ നവതി പിന്നിട്ട ലീല സർക്കാർ പറഞ്ഞു. ലീല സർക്കാരിന്റെ വിവർത്തന കൃതികളെക്കുറിച്ചും സാഹിത്യ സപര്യയെക്കുറിച്ചും സി.പി. കൃഷ്ണകുമാർ സദസ്സിന് പരിചയപ്പെടുത്തി. ചടങ്ങിൽ ലീല സർക്കാരിന്റെ പരിഭാഷയിലൂടെ പുറത്തുവന്ന മൂന്നു പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ശ്രീജിത്ത് ചടങ്ങിൽ ആശംസകൾ നേർന്നു. സമാജത്തിന്റെ ലൈബ്രറിയിൽ ലീലാസർക്കാരിന്റെ കൃതികൾക്ക് മാത്രമായി പ്രത്യേകവിഭാഗം ആരംഭിക്കുമെന്ന് ന്യൂ ബോംബെ കേരളീയ സമാജം ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതം പറഞ്ഞുകൊണ്ട് അറിയിച്ചു.
ലീലാ സർക്കാരിൻ്റെ പരിഭാഷയിലൂടെ പുറത്തു വന്ന മൂന്നുപുസ്തകങ്ങൾ വേദിയിൽ പ്രകാശനംചെയ്തു.
ബുദ്ധദേവ് ഗുഹയുടെ പ്രശസ്ത കൃതിയായ “ഒരു നായാട്ടുകാരന്റെ കഥ”യുടെ മലയാള പരിഭാഷ അക്ഷരസന്ധ്യ കൺവീനർ എം.പി.ആർ. പണിക്കർക്ക് സാഹിത്യകാരൻ സി. പി. കൃഷ്ണകുമാർ കൈമാറി.
സമാജം പ്രസിഡന്റ് കെ.എ. കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. മോഹനസുന്ദരൻ (മോഹനസുന്ദരം) നന്ദി രേഖപ്പെടുത്തി.