വരൾച്ചാ ഭീതിയിൽ മുംബൈ; സ്വിമ്മിങ് പൂളുകൾക്കും നിർമാണ മേഖലയ്ക്കും ജലവിതരണമില്ല; കാർ വാഷിങ്ങിന് നിരോധനം, ദുരുപയോഗം ചെയ്താൽ കടുത്ത പിഴ!

by WhatsUp Mumbai

മുംബൈ: കാലവർഷം കനിയാത്തതിനെ തുടർന്ന് ജലക്ഷാമം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി മുംബൈ നഗരം. നഗരത്തിലെ സ്വിമ്മിങ് പൂളുകളിലേക്കും നിർമാണ മേഖലകളിലേക്കുമുള്ള ജലവിതരണം ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) പൂർണ്ണമായും നിർത്തിവെച്ചു. വരും ദിവസങ്ങളിൽ ജലപ്രതിസന്ധി അതീവ ഗുരുതരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് അധികൃതരുടെ അടിയന്തര നടപടി. കടുത്ത ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കഴുകുന്നതിനും (കാർ വാഷ്) അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വെള്ളം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ കടുത്ത പിഴ ഈടാക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

തടാകങ്ങളിലെ ജലനിരപ്പ് അപകടകരമായ വിധം താഴ്ന്നതിനെ തുടർന്ന് വ്യവസായ-വാണിജ്യ ആവശ്യങ്ങൾക്കുള്ള ജലവിതരണത്തിൽ ബിഎംസി 20 ശതമാനം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. ജൂൺ 16 വരെയുള്ള കണക്കനുസരിച്ച് മുംബൈയിലെ തടാകങ്ങളിലെ അവശേഷിക്കുന്ന ജലശേഖരം വെറും 10.35 ശതമാനം മാത്രമാണ്. ഇതാണ് നഗരത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

നഗരത്തിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കായി ജല കണക്ഷൻ നൽകുന്നത് അധികൃതർ പൂർണ്ണമായി നിരോധിച്ചു. നിലവിൽ നിർമാണ ആവശ്യങ്ങൾക്കായി താല്ക്കാലികമായി നൽകിയിട്ടുള്ള വാട്ടർ കണക്ഷനുകൾ ഉടനടി റദ്ദാക്കാനും കോർപ്പറേഷൻ ഉത്തരവിട്ടിട്ടുണ്ട്. മഴ പെയ്ത് ജലക്ഷാമത്തിന് പരിഹാരമാകുന്നതുവരെ കർശനമായ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.

You may also like