മുംബൈ: വരാനിരിക്കുന്ന മൺസൂൺ കാലത്ത് തെരുവോരങ്ങളിൽ പൊലിഞ്ഞുപോയേക്കാവുന്ന നിരാലംബരുടെ ജീവൻ കാക്കാൻ ലക്ഷ്യമിട്ട് സീൽ ആശ്രമത്തിൻ്റെ (SEAL Ashram) ‘മുംബൈ റെസ്ക്യൂനൈറ്റ് 2026’ പ്രീ-മൺസൂൺ രക്ഷാദൗത്യത്തിന് തുടക്കമായി. ബാന്ദ്രയിലെ സെൻ്റ് പോൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ എഡ്യൂക്കേഷനിൽ നടന്ന ചടങ്ങിൽ, മഹാരാഷ്ട്ര സി.എം.എ.ഡബ്ല്യു.എൽ (CMAWL) ചെയർമാനും മുൻ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ. കെ. താതേദ് ദൗത്യം ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി കമ്മീഷൻ മുൻ വൈസ് ചെയർമാനും ഹാർമണി ഫൗണ്ടേഷൻ അധ്യക്ഷനുമായ ഡോ. എബ്രഹാം മത്തായി മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള സീൽ സുഹൃത്തുക്കളും സന്നദ്ധപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ, സീൽ ആശ്രമത്തിൻ്റെ മൂന്ന് പ്രത്യേക റെസ്ക്യൂ ആംബുലൻസുകൾ മുംബൈ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രയാണം ആരംഭിച്ചു. ആദ്യ ദിനം തന്നെ ബാന്ദ്ര വെസ്റ്റ് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നിന്ന് 9 പേരെയാണ് സീൽ പ്രവർത്തകർ തെരുവിൽ നിന്ന് രക്ഷപെടുത്തിയത്. ഇതിൽ അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ലക്ഷ്മി എന്ന സ്ത്രീയും ഉൾപ്പെടുന്നു. രക്ഷപെടുത്തിയവരിൽ രണ്ടുപേരുടെ കാലുകളിൽ പുഴുവരിച്ച നിലയിലായിരുന്നു. ഇവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള മറ്റുള്ളവർക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കി.

മുൻവർഷങ്ങളിൽ നടത്തിയ വിജയകരമായ രക്ഷാപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ കാരുണ്യദൗത്യം. നവി മുംബൈ, താനെ പോലീസ് കമ്മീഷണറേറ്റുകളുമായി സഹകരിച്ച് 2024-ൽ നടത്തിയ ദൗത്യത്തിലൂടെ 140 നിരാലംബരെയാണ് സീൽ ആശ്രമം രക്ഷപെടുത്തിയത്. ഇതിൽ പകുതിയിലധികം പേരെയും കൗൺസിലിംഗിലൂടെ സ്വന്തം കുടുംബങ്ങളുമായി വിജയകരമായി ഒന്നിപ്പിക്കാൻ സാധിച്ചിരുന്നു. കഴിഞ്ഞ 26 വർഷമായി തെരുവുകളിൽ അലയുന്ന ഭിന്നശേഷിക്കാർ, മാനസിക അസ്വാസ്ഥ്യമുള്ളവർ, വയോധികർ എന്നിവർക്ക് തണലൊരുക്കുന്ന സീൽ ആശ്രമത്തിൽ നിലവിൽ നാനൂറോളം അന്തേവാസികളുണ്ട്. ഇതുവരെ ഇന്ത്യയിലുടനീളമുള്ള എഴുന്നൂറിലധികം പേരെയാണ് ആശ്രമം സുരക്ഷിതമായി സ്വന്തം വീടുകളിൽ എത്തിച്ചത്.
കനത്ത മഴക്കാലത്ത് തെരുവിൽ കഴിയുന്നവർ നേരിടുന്ന പട്ടിണിയും രോഗങ്ങളും ചൂഷണങ്ങളും കണക്കിലെടുത്താണ് മഴ കടുക്കും മുൻപ് ഇത്തരമൊരു ദൗത്യത്തിന് തുടക്കമിട്ടതെന്ന് സീൽ ആശ്രമം സ്ഥാപകനും ഡയറക്ടറുമായ പാസ്റ്റർ കെ. എം. ഫിലിപ്പ് പറഞ്ഞു.

സീലിൻ്റെ ഇത്തരം കാരുണ്യപ്രവർത്തനങ്ങൾക്ക് തൻ്റെ പൂർണ്ണ പിന്തുണയും സാന്നിധ്യവും എപ്പോഴും ഉണ്ടാകുമെന്ന് ജസ്റ്റിസ് കെ. കെ. താതേദ് ഉറപ്പുനൽകി.

ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടന്ന രക്ഷാദൗത്യങ്ങളിലും പങ്കാളികളായ എല്ലാ സുഹൃത്തുക്കൾക്കും പാസ്റ്റർ കെ. എം. ഫിലിപ്പ് നന്ദി അറിയിച്ചു. ‘ഓരോ രക്ഷപ്പെടുത്തലും കാത്തുസൂക്ഷിക്കപ്പെടുന്നത് ഒരു ജീവനാണ്, എല്ലാ ജീവനും വിലപ്പെട്ടതാണ്’ എന്ന സന്ദേശവുമായാണ് സീൽ ആശ്രമം ഈ മഴക്കാലത്തും കാരുണ്യത്തിൻ്റെ ദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സീൽ ആശ്രമം (SEAL ASHRAM), വംഗാണി, നേരെ, ന്യൂ പൻവേൽ – 410206
ഫോൺ: 99206 02252, 8108688029, 9321253899
ഇമെയിൽ: admin@sealindia.org
വെബ്സൈറ്റ്: https://sealindia.org