ഹണി വി ജി
മുംബൈ: മഹാനഗരത്തിലെ തിരക്കേറിയ തെരുവുകളിലെ കച്ചവട മേഖല ഇനി ഡിജിറ്റൽ യുഗത്തിലേക്ക് ചുവടുവെക്കുന്നു. അനധികൃത കച്ചവടക്കാരെയും വഴിയോര മാഫിയകളെയും പൂർണ്ണമായും തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നടപ്പിലാക്കുന്ന വിപ്ലവകരമായ ‘ക്യുആർ കോഡ്’ (QR Code) സ്മാർട്ട് ലൈസൻസ് പദ്ധതി ജൂൺ 10 മുതൽ യാഥാർത്ഥ്യമാകുകയാണ്. മുംബൈയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഈ വൻ പരിഷ്കാരത്തിന് പിന്നിൽ അടിയുറച്ച പോരാട്ടവുമായി നിന്നത് ഒരു മലയാളി യുവാവാണ്.

ബോംബെ ഹോക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും മുംബൈ കെഎംസിസി ഭാരവാഹിയുമായ കണ്ണൂർ പാനൂർ സ്വദേശി ഷംനാസ് പോക്കറിന്റെ നിരന്തരമായ ഇടപെടലുകളും നിയമപോരാട്ടങ്ങളുമാണ് ഒടുവിൽ കോർപ്പറേഷനെ ഇത്തരമൊരു ചരിത്രപരമായ തീരുമാനത്തിലേക്ക് എത്തിച്ചത്. വർഷങ്ങളായി മുംബൈയിലെ തെരുവ് കച്ചവടക്കാർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഷംനാസ് നടത്തിയ ഭഗീരഥ പ്രയത്നമാണ് ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുന്നത്.
ഡിജിറ്റൽ ജാതകവുമായി ‘സ്മാർട്ട് കാർഡുകൾ’
അംഗീകൃത തെരുവ് കച്ചവടക്കാരെ (ഹോക്കേഴ്സ്) എളുപ്പത്തിൽ തിരിച്ചറിയാനും അവർക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുമാണ് ബിഎംസി ഈ പുതിയ സ്മാർട്ട് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നത്. കച്ചവടക്കാരന്റെ പേര്, ഫോട്ടോ, അനുവദിച്ചിട്ടുള്ള കൃത്യമായ കച്ചവട സ്ഥലം (Hawking Zone), ജിപിഎസ് ലൊക്കേഷൻ, ലൈസൻസ് കാലാവധി തുടങ്ങിയ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തിയ ഈ കാർഡുകൾ കച്ചവടക്കാരുടെ ഒരു ‘ഡിജിറ്റൽ ജാതകം’ തന്നെയായിരിക്കും.
സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും കച്ചവടക്കാരൻ വ്യാജനാണോ അതോ യഥാർത്ഥ ലൈസൻസ് ഉള്ളയാളാണോ എന്ന് നിമിഷങ്ങൾക്കകം മനസ്സിലാക്കാൻ സാധിക്കും. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കും. ലൈസൻസ് ഫീസ് അടയ്ക്കുന്നത് പൂർണ്ണമായും ഓൺലൈൻ വഴിയാക്കുന്നതോടെ ബിഎംസിയുടെ വരുമാനം വർദ്ധിക്കുമെന്നും അഴിമതിക്ക് തടയിടാൻ കഴിയുമെന്നുമാണ് കോർപ്പറേഷൻ അധികൃതരുടെ പ്രതീക്ഷ.

ആദ്യ ഘട്ടത്തിൽ ടൗൺ വെൻഡിങ് കമ്മിറ്റി അംഗീകരിച്ച 99,000-ത്തോളം വരുന്ന ലൈസൻസുള്ള കച്ചവടക്കാർക്കാണ് ഈ കാർഡുകൾ വിതരണം ചെയ്യുക. വരും ദിവസങ്ങളിൽ നഗരത്തിലെ മുഴുവൻ സോണുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.
”മുംബൈയിലെ ആയിരക്കണക്കിന് വരുന്ന സാധാരണക്കാരായ കച്ചവടക്കാരുടെ ജീവിതവും ജീവനോപാധിയും വലിയൊരു ചോദ്യചിഹ്നത്തിലായിരുന്നു. കോർപ്പറേഷന്റെ ഈ പുതിയ നീക്കം അവർക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കും. ഈ പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഒരു മലയാളി എന്ന നിലയിൽ ഏറെ സന്തോഷമുണ്ട്. ദീർഘനാളത്തെ ശ്രമങ്ങൾക്കൊടുവിൽ ഈ വിധി വന്നതിൽ അതിയായ ആഹ്ലാദമുണ്ട്.”
ഷംനാസ് പോക്കർ പറഞ്ഞു.
കോടതിയും ആദ്യം വിമുഖത കാട്ടി; ഒടുവിൽ ചരിത്രവിജയം
മുംബൈ നഗരത്തെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുന്ന ഈ ‘ക്യുആർ കോഡ്’ പദ്ധതി ഷംനാസ് എന്ന മലയാളി യുവാവിന്റെ തലച്ചോറിൽ വിരിഞ്ഞ ആശയമാണ്. ഈ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കണമെന്ന ആവശ്യവുമായി ബോംബെ ഹോക്കേഴ്സ് അസോസിയേഷൻ കോടതിയെ സമീപിക്കുകയായിരുന്നു.
തുടക്കത്തിൽ സാങ്കേതിക പ്രായോഗികതയെ സംശയിച്ച് നീതിപീഠം പോലും ഈ ആശയത്തോട് വിമുഖത കാട്ടുകയാണ് ചെയ്തത്. എങ്കിലും പതറാത്ത നിശ്ചയദാർഢ്യത്തോടെ ഷംനാസ് നടത്തിയ നിരന്തരമായ ഇടപെടലുകൾക്കൊടുവിലാണ് കോടതി ഹർജി പരിഗണിച്ചതും അനുകൂല വിധി പ്രഖ്യാപിച്ചതും. അധികാരികൾ പോലും ചിന്തിക്കാതിരുന്ന ഒരു വിപ്ലവകരമായ മാറ്റത്തിന് വഴിതുറന്നത് ഒരു മലയാളിയുടെ ദീർഘവീക്ഷണമാണ്.

തലമുറകൾ കൈമാറിയ പോരാട്ടവീര്യം; 13 വർഷത്തെ സമരം
ഇതു കേവലം ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോൾ ഉണ്ടായ വിജയമല്ല; തലമുറകളായി കൈമാറിവന്ന ഒരു പോരാട്ടത്തിന്റെ തീക്ഷ്ണമായ തുടർച്ചയാണ്. മുംബൈയിലെ തെരുവ് കച്ചവടക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി 2013 മുതൽ, അതായത് നീണ്ട 13 വർഷങ്ങളായി ഈ മഹാനഗരത്തിന്റെ തെരുവുകളിൽ നിരന്തരം ശബ്ദമുയർത്തുന്ന പോരാളിയാണ് ഷംനാസ്.
ഈ പോരാട്ടവീര്യം ഷംനാസിന് പാരമ്പര്യമായി കിട്ടിയതാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. മുംബൈയിലെ വഴിയോര വ്യാപാരികളുടെ കണ്ണീരൊപ്പാൻ അണിനിരന്ന സാമൂഹ്യ പ്രവർത്തകൻ പോക്കറിന്റെ മകനാണ് ഷംനാസ്. പിതാവ് തെളിച്ച വഴിയിലൂടെ, അതേ ആവേശത്തോടെ മകൻ നടത്തിയ യാത്രയാണ് ഇപ്പോൾ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്.

ഏഴു വർഷത്തെ കഠിനമായ നിയമയുദ്ധം
വർഷങ്ങളായുള്ള തെരുവിലെ സമരങ്ങൾക്കൊടുവിൽ, ഈ അവകാശപ്പോരാട്ടത്തിന് നിയമത്തിന്റെ കാവലൊരുക്കാൻ ബോംബെ ഹോക്കേഴ്സ് അസോസിയേഷന് വേണ്ടി 2019-ലാണ് ഷംനാസ് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. നീണ്ട ഏഴു വർഷത്തെ കഠിനമായ നിയമയുദ്ധത്തിനൊടുവിൽ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുക്കുമ്പോൾ, അത് പിതാവ് പോക്കറും മകൻ ഷംനാസും മുംബൈയിലെ സാധാരണക്കാരായ കച്ചവടക്കാർക്ക് വേണ്ടി ജീവിതം കൊണ്ട് എഴുതിച്ചേർത്ത ചരിത്രവിജയമായി മാറുന്നു.

സാധാരണക്കാരായ കച്ചവടക്കാർക്ക് നഗരത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ ഒരു മലയാളി യുവാവ് മുന്നിൽ നിന്ന് നയിച്ച ഈ പോരാട്ടം, പ്രവാസി മലയാളികളുടെ കരുത്തും നിശ്ചയദാർഢ്യവും ഒരിക്കൽ കൂടി മുംബൈ നഗര ഹൃദയത്തിൽ സുവർണ്ണാക്ഷരങ്ങളിൽ അടയാളപ്പെടുത്തുകയാണ്.
