മുംബൈ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് കനത്ത തിരിച്ചടി. കേസിൽ പ്രതിയായ സച്ചിൻ കുമാർ ജെയിൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. പ്രതി യുവതിയുടെ വിശ്വാസ്യതയെ ചൂഷണം ചെയ്ത് അവളുടെ ജീവിതം പൂർണ്ണമായും തകർത്തുവെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മനീഷ് പിതാലെയുടെ സിംഗിൾ ബെഞ്ചാണ് പ്രതിയുടെ ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.
യുവതിയെ സിനിമയിൽ നായികയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. ഇതിനുപുറമെ, ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വെക്കുകയും ചെയ്തു. പിന്നീട് യുവതി പ്രതിയിൽ നിന്ന് അകലാൻ തുടങ്ങിയതോടെ, ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന ഭീഷണിപ്പെടുത്തലുമായി പ്രതി രംഗത്തെത്തി. ഭീഷണി അവഗണിച്ചതിനെ തുടർന്ന് പ്രതി ഈ സ്വകാര്യ ദൃശ്യങ്ങൾ വിവിധ വെബ്സൈറ്റുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി മുംബൈ പോലീസിൽ പരാതി നൽകി.
പ്രതിയുടെ പ്രവൃത്തി ക്രൂരവും ഒരു സ്ത്രീയുടെ അന്തസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ സൈബർ ലോകത്ത് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായി അംഗീകരിച്ചു. പ്രതി ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്താനും ശാസ്ത്രീയമായ അന്വേഷണം പൂർത്തിയാക്കാനും കസ്റ്റഡി അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.