പാൽഖർ : ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ നിർമ്മാണത്തിൽ അതിനിർണ്ണായകമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിർമ്മിക്കുന്ന മൂന്നാമത്തെ മല തുരങ്കത്തിന്റെ (Mountain Tunnel) നിർമ്മാണം വിജയകരമായി പൂർത്തിയാക്കി അവസാന ഘട്ട തുരക്കൽ (Breakthrough) റെക്കോർഡ് വേഗതയിൽ വിജയത്തിലെത്തിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഈ നേട്ടം ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ വേഗത ഇനിയുമേറെ വർദ്ധിപ്പിക്കും.
നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) ആണ് ഈ ചരിത്ര നേട്ടം പ്രഖ്യാപിച്ചത്. പാൽഗഡ് ജില്ലയിലെ കഠിനമായ പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളിലൂടെയാണ് ഈ തുരങ്കം വെട്ടിത്തുറന്നത്. കടുത്ത ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് എൻജിനീയർമാരും തൊഴിലാളികളും ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. പദ്ധതിക്കായി ആകെ വിഭാവനം ചെയ്തിട്ടുള്ള തുരങ്കങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്.
മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ഈ അതിവേഗ പാതയിൽ ആകെ 7 തുരങ്കങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിന്റെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്, ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ബൃഹത്തായ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞത് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ വലിയൊരു വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വരും മാസങ്ങളിൽ ശേഷിക്കുന്ന തുരങ്കങ്ങളുടെ നിർമ്മാണവും പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.