സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മ; പൈതൃകം ചോരാതെ മുംബൈയിലെ ‘സ്വദേശി മാർക്കറ്റ്’ പുനർവികസനത്തിലേക്ക്

by WhatsUp Mumbai

മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ദക്ഷിണ മുംബൈയിലെ കൽബാദേവിയിലുള്ള 117 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ‘സ്വദേശി മാർക്കറ്റ്’ അത്യാധുനിക രീതിയിൽ പുനർവികസിപ്പിക്കുന്നു. മാർക്കറ്റിന്റെ 117-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നഗരത്തിന്റെ വാണിജ്യ ഹൃദയഭൂമിയായ ഈ വിപണിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.

ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് 1909-ൽ ആരംഭിച്ച ഈ വിപണി, മുംബൈയിലെ തുണി വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. സ്വാതന്ത്ര്യസമര കാലത്ത് വിദേശ വസ്ത്രങ്ങൾ കയറ്റിവന്ന ട്രക്കുകൾ തടയുന്നതിനിടെ വീരമൃത്യു വരിച്ച വിപ്ലവകാരി ബാബു ഗേനു സെയ്ദിന്റെ രക്തസാക്ഷിത്വ സ്മരണകൾ ഇരമ്പുന്ന മണ്ണിലാണ് ഈ ചരിത്ര സ്മാരകം നിലകൊള്ളുന്നത്. നിലവിൽ ഏറെ പഴക്കമേറിയ കെട്ടിടത്തിന്റെ സുരക്ഷയും വ്യാപാരികളുടെ ആവശ്യങ്ങളും മുൻനിർത്തിയാണ് പുനർവികസനത്തിന് വഴിതെളിഞ്ഞിരിക്കുന്നത്.

പദ്ധതി നടപ്പിലാക്കുമ്പോൾ വിപണിയിലെ ഒരു വ്യാപാരിക്കോ അംഗത്തിനോ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബിജെപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ച ചവാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി ഉറപ്പുനൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക് ഇൻ ഇന്ത്യ’ ആശയങ്ങൾക്ക് കരുത്തുപകരുന്ന രീതിയിലായിരിക്കും മാർക്കറ്റിന്റെ നവീകരണം. ചടങ്ങിൽ ഈ വിപണിയുടെ സുദീർഘമായ പ്രയാണത്തെ ആദരിച്ചുകൊണ്ട് പ്രത്യേക തപാൽ കവറും (Postal Envelope) പ്രകാശനം ചെയ്തു.

മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രഭാത് ലോധ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും നൂറുകണക്കിന് വ്യാപാരികളും പങ്കെടുത്ത ചടങ്ങിൽ, കേവലം പ്രഖ്യാപനങ്ങൾക്കപ്പുറം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ തർക്കങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട്, മുംബൈയുടെ ഈ പൈതൃക വിപണി പുതിയ രൂപഭാവങ്ങളോടെ കൂടുതൽ പ്രതാപത്തോടെ തിരിച്ചെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് നഗരവാസികൾ.

You may also like